പോസ്റ്റ്മോർട്ടം ചെയ്യാതെ മൃതദേഹം വിട്ടുനൽകിയ സംഭവത്തിൽ ഡോക്ടർക്ക് സസ്പെൻഷൻ
അപകടത്തിൽപെട്ട് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാതെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയും പിന്നീട് തിരികെ വാങ്ങി പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്ത സംഭവത്തിൽ മെഡിക്കൽ കോളജിലെ ഡോക്ടർക്ക് സസ്പെൻഷൻ. എല്ലുരോഗ വിഭാഗം മേധാവി ഡോ. പി ജെ ജേക്കബിനെയാണ് സർവീസിൽ നിന്ന് സസ്പെന്റുചെയ്തത്. മെഡിക്കൽ കോളജ് അധികൃതരും പൊലീസും നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നടപടിക്ക് ശിപാർശ ചെയ്തത്.
കുമരനല്ലൂർ സ്വദേശി യൂസഫിന്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്താതെ ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് വിട്ടു നൽകിയത്. കാഞ്ഞിരക്കോടു സെന്ററിലുണ്ടായ അപകടത്തിലാണ് യൂസഫിന് ഗുരുതമായി പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന സഹോദരി പുത്രൻ സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. ഞായറാഴ്ചയാണ് യൂസഫ് മരിച്ചത്. ഇയാളുടെ മൃതദേഹം ഇൻക്വസ്റ്റോ പോസ്ററ്മോർട്ടമോ നടത്താതെ ബന്ധുക്കൾക്ക് വിട്ടു നൽകിയത് വിവാദമായിരുന്നു.
ഖബറടക്കത്തിന്റെ ചടങ്ങുകൾ ആരംഭിച്ച ശേഷമാണ് പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി മാറ്റിയത്. റോഡപകടത്തിൽ പരിക്കുപറ്റി ചികിത്സയിലിരിക്കെ മരിച്ചാൽ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന വ്യവസ്ഥ ആശുപത്രി അധികൃതർ പാലിച്ചില്ലെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ചികിത്സാ രേഖകൾ തയ്യാറാക്കിയതിലും ജാഗ്രതക്കുറവുണ്ടായി.
രോഗിയുടെ ആരോഗ്യാവസ്ഥ അ്വേഷിച്ച് പൊലീസ് ഒരിക്കൽ പോലും ആശുപത്രിയിൽ എത്തിയില്ലെന്നും ആക്ഷേപമുയരുന്നു. ബൈക്കിൽ നിന്ന് തെന്നി വീണ് പരിക്കേറ്റു എന്നാണ് ആശുപത്രിയിൽ എത്തിച്ചയാൾ അറിയിച്ചത്. എങ്കിലും മെഡിക്കോ ലീഗൽ കേസിൽ പാലിക്കേണ്ട കാര്യങ്ങൾ ഡോക്ടർ പാലിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചത്.
Content Highlights: Hospital Negligence with out Postmortem