മനുഷ്യക്കടത്ത് കേസ് ; സഹായം അഭ്യർഥിച്ച് കുവൈത്തിൽ കുടുങ്ങിയവർ ; മുഖ്യപ്രതിയെ കേരളത്തിലെത്തിക്കാൻ ശ്രമം
മനുഷ്യക്കടത്ത് കേസിലുൾപ്പെട്ട് മടങ്ങിയെത്തിയവരോട് സഹായം അഭ്യർഥിച്ച് കുവൈറ്റിൽ കുടുങ്ങിയ മലയാളിസ്ത്രീകൾ. നാട്ടിൽ തിരിച്ചെത്തിയ തൃക്കാക്കര സ്വദേശിനിയോട് ഫോണിലൂടെ രണ്ടുപേർ സഹായം അഭ്യർഥിച്ചു… അതേസമയം, മുഖ്യപ്രതി മജീദിനെ കേരളത്തില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം…
തൃക്കാക്കര സ്വദേശിനിയോടൊപ്പം ഒരേവിമാനത്തിൽ കുവൈറ്റിലേക്ക് പോയവരാണ് സഹായത്തിനായി ബന്ധപ്പെട്ടത്. അടിമകളായി ജോലി ചെയ്യുകയാണെന്നും, ഭയം കൊണ്ടാണ് പരാതിപ്പെടാത്തതെന്നും ഇവർ തൃക്കാക്കര സ്വദേശിനിയോട് പറഞ്ഞു. എന്നാൽ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായതിനാൽ ഉടനെ നാട്ടിലേക്ക് തിരികെ വരുന്നില്ലെന്നാണ് ഇവർ പറയുന്നത്.
ഇപ്പോൾ ജോലി ചെയ്യുന്ന വീടുകളിൽ കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ട്. കുട്ടികളെ നോക്കാനെന്ന പേരിലാണ് കൊണ്ടുപോയതെങ്കിലും വീട്ടുജോലിയാണ് ലഭിച്ചതെന്നും ഇവർ പറയുന്നു. കേസിൽ മുഖ്യസൂത്രധാരനായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദാണ് ഇവരുടെയും ഏജന്റ്.
മജീദ് കുവൈറ്റ് എംബസിയിൽ കീഴടങ്ങിയേക്കുമെന്നാണ് വിവരം. ഇയാൾക്കായി പൊലീസ് കുവൈറ്റിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിരുന്നു. മജീദിനെ കേരളത്തില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
Content Highlights: Human Trafficking Kuwait kochi