സ്വപ്നയ്ക്ക് പിന്നിലാരെന്ന് വീഡിയോ സഹിതം പുറത്തുവിടുമെന്ന് ഷാജ് കിരണിൻ്റെ സുഹൃത്ത് ഇബ്രാഹിം

സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരായി ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നിൽ പ്രവർത്തിച്ചതാരെന്ന് വിഡിയോ സഹിതം പുറത്തുവിടുമെന്ന് ഷാജ് കിരണിന്റെ സുഹൃത്ത് ഇബ്രാഹിം. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ അഭിഭാഷകർക്കും എച്ച്ആർഡിഎസിനും പങ്കുണ്ട്. സ്വപ്ന പുറത്തുവിട്ട ശബ്ദ സംഭാഷണങ്ങളിൽ പലതും എഡിറ്റ് ചെയ്ത് ചേർത്തതാണെന്നും ഇബ്രാഹിം പറഞ്ഞു. ട്വൻ്റി ഫോർ ന്യൂസ് ചാനലിനോടായിരുന്നു ഇബ്രാഹിമിൻ്റെ പ്രതികരണം.
ഓഡിയോ ക്ലിപ്പ് റിക്കോർഡ് ചെയ്യുന്നതിന് മുൻപുള്ള രംഗങ്ങളാണ് സ്വപ്ന പുറത്തുവിട്ട ശബ്ദ സംഭാഷണം. അതിൽ പലതും എഡിറ്റ് ചെയ്ത് ചേർത്തതാണ്. തങ്ങൾ ഭീഷണിപ്പെടുത്തിയതല്ല. വളരെ അടുത്ത ആളെന്ന നിലയിൽ ഉപദേശം പോലെ പറഞ്ഞതാണതെന്നും ഇബ്രാഹിം പറയുന്നു.
“നമ്മുടെ അടുത്തൊരാൾ കുടുങ്ങാതിരിക്കാൻ വേണ്ടിയാണ് ഉപദേശിച്ചത്. പറഞ്ഞിരിക്കുന്ന പല ഭാഗങ്ങളും ഷാജ് കിരണിന്റേയോ, എന്റെയോ അല്ല. അത് വേറെ ആരോ ആണ് സംസാരിക്കുന്നത്. ഞങ്ങൾ അതിനെതിരെ പൊലീസിൽ കേസ് ഫയൽ ചെയ്യും. സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ആരെന്നത് വിഡിയോ സഹിതം പുറത്തുവിടും”- ഇബ്രാഹിം ചാനലിനോട് പറഞ്ഞു.
അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ പറയാൻ പി സി ജോർജ് സമ്മർദ്ദം ചെലുത്തിയെന്നാണ് സരിതാ എസ് നായർ പൊലീസിന് മൊഴി നൽകിയത്. സരിത എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നീക്കത്തിലാണ് സർക്കാർ.