ചിന്തൻശിബറിനിടെ പീഡനം സംഘടനക്കുള്ളിൽ തീർക്കില്ല, പരാതി ഉണ്ടെങ്കിൽ പൊലീസിന് നൽകും; വിഡി സതീശൻ
യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃ ക്യാമ്പായ ചിന്തൻ ശിബിറിനിടെ പീഡനം നടന്നുവെന്ന പരാതി ഏതെങ്കിലും പെൺകുട്ടിക്ക് ഉണ്ടെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരാതി ആഭ്യന്തരസമിതി അന്വേഷിച്ച് ഒത്തുതീര്‍പ്പാക്കി ഒതുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പരാതി ഉണ്ടോ എന്നറിയാനായി ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടികളോട് സംസാരിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് നിർദേശിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു. വാട്സ് ആപ്പിൽ പ്രചരിക്കുന്ന പരാതി പകർപ്പ് ശരിയാണോ എന്ന് അന്വേഷിക്കുമെന്നും സ്ത്രീകൾക്ക് എതിരായ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു,
ആരോപണ വിധേയനെതിരെ സംഘടനാ നടപടിയും ഉണ്ടാകുമെന്നും പരാതി ഉണ്ടെങ്കില്‍ അത് പാര്‍ട്ടി സമിതി അന്വേഷിച്ച് പറഞ്ഞു തീര്‍ക്കുന്ന സമീപനം ഉണ്ടാകില്ലന്നും പരാതിയുണ്ടെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വത്തേയും അറിയിക്കാമെന്നും വി ഡി സതീശൻ പറഞ്ഞു. പരാതി ഒരിക്കലും ഒതുക്കി തീര്‍ക്കില്ല. പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്ന് ബോധ്യപ്പെട്ടാല്‍ അത്തരക്കാര്‍ സംഘടനയില്‍ ഉണ്ടാകില്ലന്നും അദ്ദേഹം ഉറപ്പ് നൽകി . വാക്കു കൊണ്ടോ നോക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ഏതെങ്കിലും ഒരു പെണ്‍കുട്ടി അപമാനിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പരാതി എഴുതി വാങ്ങി പൊലീസിന് കൈമാറാനും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
Content Highlights: Harassment , Chintanshibar , organization, complaint, police, VD Satheesan