കോട്ടയത്ത് ബാങ്കിലടയ്ക്കാനുള്ള പണവുമായി ബാർ മാനേജർ കടന്നു
കോട്ടയം കുമരകത്തുള്ള അച്ചിനകം ഹെറിറ്റേജ് ഹോട്ടലിലെ ബാർ മാനേജർ ലക്ഷങ്ങളുമായി മുങ്ങിയതായി പരാതി. തിരുവനന്തപുരം വർക്കല സ്വദേശി വൈശാഖനെയാണ് വെള്ളിയാഴ്ച രാവിലെ മുതൽ കാണാതായത്. നാഗമ്പടത്തുള്ള യൂണിയൻ ബാങ്കിൽ പണം അടയ്ക്കാൻ പോയതാണ് ഇയാൾ. ഒൻപത് ലക്ഷത്തി എൺപതിനായിരം രൂപയുമായിട്ടാണ് വൈശാഖൻ ബാങ്കിലേക്ക് പോയത്. പിന്നീട് ഹോട്ടൽ ജീവനക്കാർ വിളിച്ചപ്പോൾ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
ഇയാളെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്ത വന്നതോടെയാണ് ബാറുടമ വൈക്കം പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം വൈശാഖൻ മറ്റൊരു ഫോണിൽ നിന്നും ഭാര്യയുടെ ഫോണിലേക്ക് പേടിക്കേണ്ടതില്ലെന്ന് കാണിച്ച് രാത്രിയോടെ വാട്സാപ്പിൽ സന്ദേശവും അയച്ചിട്ടുണ്ട്













