വൈദ്യുതി നിരക്ക് വര്‍ദ്ധന; ഇന്നുചേരുന്ന ഉന്നതതല യോഗത്തില്‍ തീരുമാനം
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. വൈദ്യുതി മന്ത്രി വിളിച്ച ഉന്നതതല യോഗത്തിലായിരിക്കും തീരുമാനം. വൈകിട്ട് നാല് മണിക്കാണ് യോഗം ചേരുന്നത്.
ഡാമുകളില്‍ വെള്ളമില്ലാത്ത സ്ഥിതിയാണെന്നും മഴ പെയ്തില്ലെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. സംഭരണശേഷിയുടെ 30 ശതമാനം വെള്ളം മാത്രമാണ് ഡാമുകളില്‍ ശേഷിക്കുന്നത്. ദിവസം പത്ത് കോടി രൂപയുടെ അധിക വൈദ്യുതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ്. എത്ര രൂപയ്ക്ക് വൈദ്യുതി വാങ്ങുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും നിരക്ക് വര്‍ദ്ധന. അത് റെഗുലേറ്ററി ബോര്‍ഡാണ് തീരുമാനിക്കുക. പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിനനുസരിച്ച് സര്‍ചാര്‍ജ് കൊണ്ടുവരാനാണ് ആലോചന.
മഴ പെയ്താല്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ട ആവശ്യം വരില്ലെന്നും മഴയില്ലെങ്കില്‍ നിരക്ക് കൂട്ടേണ്ടി വരുമെന്നുമാണ് മന്ത്രി പറഞ്ഞത്.’വാങ്ങുന്ന വിലയ്ക്കേ കൊടുക്കാൻ പറ്റൂ. ഉപഭോക്താവിനെ കഴിയുന്നത്ര വിധത്തില്‍ വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയായിരിക്കും സ്വീകരിക്കുക. ഡാമുകളില്‍ വെള്ളമില്ലാത്തതിനാല്‍ അധികം വേണ്ട വൈദ്യുതി പണം കൊടുത്ത് വാങ്ങേണ്ടി വരും. എത്രരൂപ കൊടുത്ത് വാങ്ങണമെന്ന കാര്യത്തില്‍ യോഗത്തില്‍ തീരുമാനമാകും. സാഹചര്യം വിലയിരുത്തി വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെയടക്കം തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വില കൂട്ടണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക’- മന്ത്രി പറഞ്ഞു.