ഇൻഡിഗോ വിമാനക്കമ്പനി നശിച്ച് പോകണമെന്ന് ആഗ്രഹിക്കുന്നില്ല, തെറ്റ് തിരുത്തി നന്നായി വരട്ടെ; പഴയ യാത്രാവിലക്കിൻറെ ഓർമ്മയുമായി ഇ പി ജയരാജൻ
ഇപ്പോൾ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയിട്ട് ഇൻഡിഗോ എയർലൈൻസ് ഫ്ളൈറ്റുകൾ റദ്ദാക്കുന്നതും, അത് മൂലം യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒക്കെയാണ് വലിയ ചർച്ചയായി മാറിയത്. എന്നാൽ ഈ വിഷയം കടന്ന് വരുന്നതിന് മുന്നേ ഇൻഡിഗോ എന്ന് കേട്ടാൽ മലയാളികൾ ഓർത്തിരുന്നത് സിപിഎം നേതാവ് ഇ.പി ജയരാജന്റെ പഴയ വാക്കുകളാണ്.
ഇൻഡിഗോ നിലവാരമില്ലാത്ത കമ്പനിയാണെന്നും, ഇനി കയറി യാത്ര ചെയ്യില്ലെന്നുമാണ് അന്ന് ഇ.പി ജയരാജൻ പറഞ്ഞത്. താൻ അന്ന് പറഞ്ഞ കാര്യങ്ങൾ ഇപ്പൊൾ ജനങ്ങൾക്ക് ബോധ്യമായല്ലോ എന്നാണ് ഇപ്പോളത്തെ ഇൻഡിഗോ വിഷയത്തിൽ സഖാവ് ഇ പി യുടെ പ്രതികരണം.
ഇപ്പോഴെങ്കിലും മനസിലായെങ്കിൽ വളരെ സന്തോഷം, ഇങ്ങനെയാവരുതെന്നും ഉത്തരവദിത്തത്തോടെ പ്രവർത്തിക്കേണ്ടതാണ് വിമാന സർവീസുകളെന്നും. അത് അന്തസ് ഉയർത്തിപ്പിടിക്കണമെന്നും ഇ.പി ജയരാജൻ പറഞ്ഞു.
‘എന്റെ അനുഭവങ്ങളാണ് എന്നെകൊണ്ട് അതെല്ലാം പറയിപ്പിച്ചത്. വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിയെ അക്രമിക്കാൻ ശ്രമിച്ച പ്രതികളെ പ്രതിരോധിച്ചതിന് ഇൻഡിഗോ കമ്പനി എനിക്ക് അവാർഡ് തരണം. പകരം അക്രമിക്കാൻ പോയവന് ചെറിയ ശിക്ഷയും, ആ അക്രമത്തെ ചെറുത്ത എനിക്ക് വലിയ ശിക്ഷയുമാണ് ഇൻഡിഗോ കമ്പനി നല്‍കിയത്. എന്നെ വലിയ കുറ്റവാളിയുമാക്കി. ഡൽഹിയിലുള്ള കോൺഗ്രസിന്റെ എംപിമാരും ഇൻഡിഗോ വിമാനക്കമ്പനിയുമായും കേന്ദ്രസർക്കാരുമായുമൊക്കെ ചേര്‍ന്നാണ് ഇത് ചെയ്തതെന്നും ഇ.പി ജയരാജൻ പറഞ്ഞു.
എന്നാൽ പിന്നേയും ഇൻഡിഗോ വിമാനത്തിൽ കയറിയിട്ടുണ്ട്. അത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം കാണാനായിരുന്നു അന്ന് പോയത്. ആ സമയത്ത് വേറെ യാത്രാ മാര്‍ഗങ്ങൾ ഇല്ലായിരുന്നു എന്നും ഇ.പി പറയുന്നു.
എന്നാൽ ഇൻഡിഗോ വിമാനക്കമ്പനി നശിക്കണം എന്നാഗ്രഹിക്കുന്നില്ലെന്നും ഇ പി ജയരാജന് പറഞ്ഞു. ഇന്ന് ഇന്‍ഡിഗോ വിമാനക്കമ്പനി വലിയ പ്രതിസന്ധിയിലാണ്. അതിനിടയ്ക്ക് അവരുടെ മേല്‍ കല്ലെടുത്തുവെയ്ക്കാന്‍ താനില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്‍ഡിഗോ മാത്രമല്ല, ഇവിടെ എയര്‍സര്‍വ്വീസ് നടത്തുന്നതില്‍ പലർക്കും വലിയ വീഴ്ചയുണ്ട്. ഇന്‍ഡിയോ സര്‍വ്വീസുകള്‍ റദ്ദാക്കി എത്ര യാത്രക്കാരെയാണ് ബുദ്ധിമുട്ടിക്കുന്നത്. വിമാനസര്‍വ്വീസുകാര്‍ക്ക് ഇഷ്ടംപോലെ ചെയ്യാന്‍ എങ്ങനെയാണ് സാധിക്കുന്നത്. അത് സര്‍ക്കാരിന്റെ വീഴ്ചയാണ്’, എന്നും ഇ പി ജയരാജന് പറഞ്ഞു.
സീസണ് വന്നാല്‍ വന്‍കൊള്ളയാണ് വിമാനക്കമ്പനികള്‍ നടത്തുന്നത്. ഇവർ ഇഷ്ടംപോലെ ചാര്‍ജ് ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരിന്റെയും വ്യോമയാന വകുപ്പിന്റെയും വീഴ്ചയാണെന്നും ഇ പി ജയരാജന് പറഞ്ഞു. ഇന്‍ഡിഗോയുടേത് നല്ല വിമാന സര്‍വ്വീസാണ്. നല്ല നിലയില്‍ സര്‍വ്വീസ് നടത്തണം. ആയിരക്കണക്കിന് ആളുകളുടെ ജോലിയുടെ പ്രശ്നമാണ്. പ്രതിഷേധം ഉള്ളതുകൊണ്ട്, അത് നശിച്ച് പോകണം എന്ന് ഒരിക്കലും ആ ഗ്രഹിക്കുന്നില്ലെന്നും ഇ പി പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോള്‍ ആ മുഖ്യമന്ത്രിക്കെതിരെ ആസൂത്രിതമായി പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേക്കാള്‍ അവരെ തടഞ്ഞ തനിക്കാണ് കൂടുതല്‍ ശിക്ഷയും യാത്രാവിലക്കും ഏര്‍പ്പെടുത്തിയത്. അന്ന് പാര്‍ലമെന്റിലെ കോണ്‍ഗ്രസ് എംപിമാര്‍ വ്യോമയാന മന്ത്രിയെ ബന്ധപ്പെട്ട് കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ചു. ആ വിഷയത്തില്‍ തനിക്ക് നീതി കിട്ടിയില്ല എന്നും ഇ പി ജയരാജന് കൂട്ടിച്ചേര്‍ത്തു.













