കൊടുങ്ങല്ലൂര്‍ സി.പി.ഐയില്‍ ആഭ്യന്തര കലഹം രൂക്ഷം
ജില്ല കമ്മിറ്റി നടപടിക്ക് പിറകെ കൊടുങ്ങല്ലൂർ സി.പി.ഐയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. ഒരു വിഭാഗം നേതാക്കളും നഗരസഭ കൗണ്‍സിലർമാരും ശക്തമായ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്.
നഗരസഭ വൈസ് ചെയർമാൻ അഡ്വ. ദിനല്‍ സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് പാർട്ടി സെക്രട്ടറിക്ക് കത്ത് കൈമാറി. മറ്റൊരു കൗണ്‍സിലറും കത്ത് നല്‍കിയതായി അറിയുന്നു. കൂടുതല്‍ കൗണ്‍സിലർമാർ മുന്നോട്ട് വരുമെന്നും പറയുന്നു.
അഡ്ഹോക്ക് കമ്മിറ്റി ചൊവ്വാഴ്ച വൈകീട്ട് വിളിച്ചുചേർത്ത യോഗത്തില്‍ മേത്തല ഈസ്റ്റ്, ലോകലേശ്വരം, പുല്ലൂറ്റ് ലോക്കല്‍ സെക്രട്ടറിമാർ പങ്കെടുത്തില്ല. സി.സി. വിപിൻ ചന്ദ്രൻ സെക്രട്ടറിയായുള്ള മണ്ഡലം കമ്മിറ്റിയെ പിരിച്ചുവിട്ടുള്ള മേല്‍ കമ്മിറ്റികളുടെ തീരുമാനത്തോടുള്ള പ്രതിഷേധ സൂചകമായാണ് രാജി സന്നദ്ധത. പുതിയ അഡ്ഹോക്ക് കമ്മിറ്റിയില്‍ അർഹതപ്പെട്ടവരെയും പ്രവർത്തന മികവുള്ളവരെയും ഒഴിവാക്കുകയും പാർട്ടിക്ക് ഗുണം ചെയ്യാത്തവരെ ഉള്‍പ്പെടുത്തിയിരിക്കുകയാണെന്നും പ്രതിഷേധക്കാർ പറയുന്നു.