കടകംപള്ളിയിലേക്കും വാസവനിലേക്കും അന്വേഷണമെത്തും; കെ മുരളീധരൻ
മന്ത്രിമാർ അറിയാതെ ശബരിമല സ്വർണ്ണക്കൊള്ള നടക്കില്ലെന്ന് പറയുകയാണ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്കും ഇപ്പോഴത്തെ ദേവസ്വം മന്ത്രി മന്ത്രി വി എൻ വാസവനിലേക്കും ഒക്കെ അന്വേഷണം എത്തും. ഹൈക്കോടതി നിരീക്ഷണം ഉള്ളതിനാലാണ് അന്വേഷണം ഇത്രയൊക്കെ എത്തിയത്. ഇല്ലെങ്കിൽ നേരത്തെ അന്വേഷണം ആവിയായി പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസെന്നും ഭക്തർക്ക് ഒപ്പമാണ് നിലകൊള്ളുന്നത്. ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് എ. പത്മകുമാർ പലതും വിളിച്ച് പറയുമെന്ന് പലരും ഭയപ്പെടുന്നു. അതിനാലാണ് പത്മകുമാറിൻ്റെ കാര്യത്തിൽ പാർട്ടി നിലപാട് എടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി എ പത്മകുമാറിന്റെ പാസ്പോര്‍ട്ട് എസ്.ഐ.ടി. പിടിച്ചെടുത്തു. വീട്ടില്‍ നടന്ന റെയ്ഡിലാണ് പാസ്പോര്‍ട്ട് പിടിച്ചെടുത്തത്. എ പത്മകുമാറിന്റെയും ഭാര്യയുടെയും ആസ്തികൾ സംബന്ധിച്ച് പരിശോധന നടത്തുകയാണ്.നടൻ ജയറാമിന്റെ മൊഴി രേഖപ്പെടുത്തി സാക്ഷിയാക്കുന്നതും എസ്ഐടി ആലോചിക്കുന്നു.
പത്മകുമാറിനെ കസ്റ്റഡിയിൽ എടുക്കും മുൻപ് കഴിഞ്ഞ ദിവസമാണ് ശങ്കരദാസിനെയും വിജയകുമാറിനെയും എസ്ഐടി രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തത്. എന്നാൽ അന്വേഷണ സംഘത്തിന് മൊഴി നൽകിയതിനെപ്പറ്റി ഇരുവരും പ്രതികരിച്ചില്ല.













