പലിശ ഇളവ് പരിഹാരമല്ല, ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളണം -മുഖ്യമന്ത്രി
വയനാട്ടിലെ ദുരന്തബാധിതരുടെ മുഴുവൻ കടവും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വായ്പ എടുത്ത പലരും ഇന്നില്ല, ആ ഭൂമിയില്‍ ഇനിയൊന്നും ചെയ്യാനാകില്ല.
ധനകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ച് ചെറിയ തുക ആയതിനാല്‍, വായ്പകള്‍ സർക്കാർ ഏറ്റെടുക്കണമെന്ന വാദത്തിന് പ്രസക്തിയില്ല. അവധി നീട്ടിനല്‍കലോ പലിശയിളവോ പരിഹാരമാകില്ല. ഇക്കാര്യത്തില്‍ കേരള ബാങ്കിനെ മാതൃകയാക്കാൻ മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ തയാറാകണം. തിരുവനന്തപുരത്ത് ബാങ്കേഴ്സ് സമിതി യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.
“ഉരുള്‍പൊട്ടല്‍ ബാധിച്ചവരില്‍ ഏറെയും കർഷക കുടുംബങ്ങളാണ്. ദുരന്തത്തില്‍ നിരവധിപ്പേർക്ക് ഉറ്റവരെ നഷ്ടമായി. അതിലേറെപ്പേർക്ക് സ്വത്തും വീടും നഷ്ടമായി. നിരവധി വീടുകള്‍ വാസയോഗ്യമല്ലാതായി. പുതുതായി നിർമിച്ച വീടുകളും, പുതിയ വാഹനങ്ങളും ഉള്‍പ്പെടെ തകർന്നു. പലതരത്തിലുള്ള വായ്പകള്‍ എടുത്തവർ ഇക്കൂട്ടത്തിലുണ്ട്. ദുരന്തബാധിതർക്ക് നല്കിയ വായ്പാതുക ധനകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ച് ചെറിയ തുക ആയിരിക്കും. അവർക്ക് അത് തിരിച്ചടക്കാൻ കഴിയാത്ത അവസ്ഥയാണ്. അതില്‍ മാതൃകാപരമായ നിലപാട് സ്വീകരിക്കാൻ സ്ഥാപനങ്ങള്‍ തയാറാകണം – മുഖ്യമന്ത്രി പറഞ്ഞു.