‘രാജാവും പരിവാരങ്ങളും എല്ലാക്കാലത്തും ഉണ്ടാകില്ലെന്ന് ഓര്‍ത്തുവെച്ചാല്‍ നല്ലത്’; സതീശന്റെ മുന്നറിയിപ്പ്
കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് പൊലീസ് ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
പൊലീസാണ് ബന്ധുക്കളുടെ പക്കല്‍ നിന്നും മൃതശരീരം റോഡിലൂടെ വലിച്ചിഴച്ച് ആംബുലന്‍സില്‍ കയറ്റിക്കൊണ്ടു പോയത്. കോതമംഗലം ടൗണില്‍ നടന്നത് സ്വാഭാവിക പ്രതിഷേധം മാത്രമാണ്.
പ്രതിഷേധിച്ച എറണാകുളം ഡിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത രീതിയെന്താണ്. കൊലപാതകക്കേസിലെയും ക്രിമിനല്‍ കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്യുന്ന രീതിയിലല്ലേ, സമരസ്ഥലത്തു നിന്നും പിടിച്ചുകൊണ്ടു പോയത്. എന്തു കുറ്റമാണ് ചെയ്തത്. എന്തിനാണ്, സിനിമയില്‍ കാണുന്നതുപോലെ ഡിസിസി പ്രസിഡന്റ് ഷിയാസിനെ ഒന്നര മണിക്കൂര്‍ ജീപ്പില്‍ കറക്കിയത്.
മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉപജാപക സംഘവും പൊലീസിനെ എന്തു ചെയ്യാനുള്ള അധികാരം നല്കി വിട്ടിരിക്കുകയാണ്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ്, ഇന്നലെ ഡിസിസി പ്രസിഡന്റിനോട് പൊലീസ് കാണിച്ചത്. രാജാവും പരിവാരങ്ങളുമെല്ലാം എല്ലാക്കാലത്തും ഉണ്ടാവില്ല എന്ന് പൊലീസ് ഉദ്യോഗസ്ഥന്മാര് ഓര്‍ത്തുവെച്ചാല്‍ നല്ലതാണ്. കോണ്‍ഗ്രസ് സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.