കള്ളന്മാരും പിടിച്ചുപറിക്കാരും ജയിലിൻറെ അകത്തു മാത്രമല്ല, ജയിൽ ഭരിക്കുന്നതും അവരാണ്; പരോളിനും സുഖസൗകര്യങ്ങൾക്കുമായി പണം പിടിച്ച് വാങ്ങുന്ന ജയിൽ ഡിഐജി
ജയിൽ ആസ്ഥാനത്തെ ഡിഐജി വിനോദ് കുമാർ പ്രതിയായ ജയിൽ കോഴക്കേസിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രമാദമായ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയുടെ അടുത്ത ബന്ധുവിൽ നിന്നടക്കം ഈ ഡിഐജി പണം വാങ്ങിയതായി വിജിലൻസ് കണ്ടെത്തി. ഗൂഗിൾ പേ വഴിയാണ് പണമിടപാടുകൾ നടന്നതെന്നാണ് സൂചന.
വിനോദ് കുമാർ എട്ട് തടവുകാരുടെ ബന്ധുക്കളിൽ നിന്ന് നേരിട്ട് പണം വാങ്ങിയതിന്റെ ഡിജിറ്റൽ തെളിവുകൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. പരോൾ അനുവദിക്കുന്നതിനും ജയിലിനുള്ളിൽ വഴിവിട്ട സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് ഇത്തരത്തിൽ ലക്ഷങ്ങൾ കൈപ്പറ്റിയത്. മൊബൈൽ, പുറത്ത് നിന്നുള്ള ഭക്ഷണം, മദ്യം സിഗരറ്റ് ഒക്കെ ഈ വഴി വിട്ട സൗകര്യങ്ങളിൽ പെടും.
മാസങ്ങളായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്ന ഡിഐജി വിനോദ് കുമാർ, പരോൾ കാലാവധി നീട്ടുന്നതിനും തടവുകാർക്ക് ഇഷ്ടപ്പെട്ട ജയിലുകളിലേക്ക് സ്ഥലം മാറ്റം വാഗ്ദാനം ചെയ്തും വലിയ തോതിൽ പണപ്പിരിവ് നടത്തിയെന്നാണ് കണ്ടെത്തൽ.
തടവുകാരുടെ ബന്ധുക്കളിൽ നിന്ന് മാത്രമല്ല, സഹപ്രവർത്തകരായ ജയിൽ ഉദ്യോഗസ്ഥരിൽ നിന്ന് പോലും വിനോദ് കുമാർ പണം തട്ടിയതായി വിജിലൻസ് റിപ്പോർട്ടിലുണ്ട്. തെക്കൻ കേരളത്തിലെ ഒരു സബ് ജയിൽ സൂപ്രണ്ടിൽ നിന്നും ഗൂഗിൾ പേ വഴി പണം വാങ്ങി. ജയിൽ ജീവനക്കാരുടെ സ്ഥലംമാറ്റത്തിനും ഡിഐജി കൈക്കൂലി വാങ്ങിയതായി തെളിവുകൾ ലഭിച്ചു.
പരോളിനും ജയിലിൽ സൗകര്യങ്ങളൊരുക്കാനും വേണ്ടിയാണ് പ്രധാനമായും ഇയാൾ തടവുകാരുടെ ബന്ധുക്കളിൽ നിന്നും പണം വാങ്ങുന്നത്. ഭരണ നേതൃത്വവുമായി അടുപ്പമുള്ള ജയിൽ ആസ്ഥാന ഡിഐജി, ആ സ്വാധീനമുപയോഗിച്ച് ജയിൽ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങള്‍ നടത്തുമായിരുന്നു എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
വിയ്യൂർ ജയിലിലെ തടവുകാർക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജൻ്റാക്കി പണം വാങ്ങിയതിൽ വിജിലൻസിന് തെളിവ് ലഭിച്ചു. ഇങ്ങനെ കൂടുതൽ തെളിവ് ലഭിച്ചതോടെയാണ് ഇന്നലെ കേസെടുത്തത്.
വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനവും അന്വേഷിക്കാൻ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്. സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിന് കണ്ണൂർ ജയിൽ സൂപ്രണ്ട് ആയിരുന്നപ്പോൾ സസ്പെൻഷൻ നേരിട്ട ആളാണ് വിനോദ് കുമാർ. ടിപി കേസിലെ പ്രതികള്‍ക്ക് വിയ്യൂരിൽ വഴിവിട്ട സൗകര്യങ്ങളൊരുക്കിയതിനാണ് രണ്ടാമത്തെ സസ്പെൻഷൻ.
എന്നാൽ വകുപ്പതല അന്വേഷണങ്ങളെല്ലാം ഒതുക്കി, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡിഐജിയായ ഉയർത്തിയ വിനോദ് കുമാറിനെ ജയിൽ ആസ്ഥാനത്ത് നിയമിച്ചു. നിരവധി പരാതികള്‍ വന്നപ്പോഴും, ജോലിയിൽ വീഴ്ച വരുത്തിയിപ്പോഴും ഡിഐജിയെ ജയിൽ ആസ്ഥാനത്തുമാറ്റണമെന്ന് ജയിൽ മേധാവിമാർ ആഭ്യന്തരവകുപ്പിനോട് പല തവണ ആവശ്യപ്പെട്ടുവെങ്കിലും ഇയാൾക്ക് സർക്കാർ സംരക്ഷണം നൽകിയിരുന്നു . വിരമിക്കാൻ നാല് മാസം ബാക്കി നിൽക്കേയാണ് വിജിലൻസ് കേസിൽ പ്രതിയാകുന്നത്.
വിയൂർ ജയിലിലെ വിരമിച്ച ഒരു ഉദ്യോഗസ്ഥനാണ് ഡിഐജിയുടെ ഏജൻ്റ്. പണം വാങ്ങുന്നത് ഈ ഉദ്യോഗസ്ഥൻ വഴിയാണ്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നേതൃത്വം നല്കുന്ന തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റാണ് വിനോദ് കുമാറിനെതിരെ അന്വേഷണം നടത്തുന്നത്.
ഇപ്പോൾ ഇയാൾ പരോൾ നൽകാൻ ഒരു ലക്ഷത്തി എമ്പതിനായിരം രൂപ വാങ്ങിയെന്നാണ് കണ്ടെത്തൽ. എഡിജിപി കഴിഞ്ഞാൽ തൊട്ടടുത്തുള്ള ഏറ്റവും പ്രധാനപ്പെട്ട പദവിയിലുള്ള ഉദ്യോഗസ്ഥനാണ് ഡിഐജി വിനോദ് കുമാർ. കൈക്കൂലി വാങ്ങി എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസ് എടുത്തത്. നേരത്തെ തന്നെ വിജിലൻസിന് ഇത്തരത്തിൽ ഇന്റലിജൻസ് റിപ്പോർട്ടും കിട്ടിയിരുന്നു. ഗൂഗിൾ പേ വഴി വിനോദ് കുമാറിന്റെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് പണം വാങ്ങി എന്നാണ് അകൗണ്ട് നോക്കിയപ്പോൾ വിജിലൻസ് കണ്ടെത്തിയത്.
കേസ് എടുത്ത പശ്ചാത്തലത്തിൽ വിനോദ് കുമാറിനെ സർവീസിൽ നിന്ന് ഉടനെ സസ്പെൻഡ് ചെയ്യാനാണ് സാധ്യത.













