ജലീല്‍ മലപ്പുറത്തെ ഒറ്റുകൊടുക്കുന്നു; പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്നും യൂത്ത് ലീഗ്
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കെ.ടി. ജലീല്‍ എം.എല്‍.എ നടത്തിയ പരാമർശത്തിനെതിരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്. ജലീല്‍ മലപ്പുറത്തെ ഒറ്റുകൊടുക്കുകയാണെന്നും പ്രസ്താവന പിൻവലിച്ച് കേരളീയ സമൂഹത്തോട് മാപ്പു പറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
ജലീലിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവന വിദ്വേഷം ഉണ്ടാക്കുന്നതാണ്. മുഖ്യമന്ത്രിയുടെ കൈ പൊള്ളിയപ്പോള്‍ പി.ആർ. ഏജൻസി ഏല്പിച്ച ദൗത്യമാണ് ജലീല്‍ ഇപ്പോള്‍ ചെയ്യുന്നത്. ജലീല്‍ ഏറ്റെടുത്തത് ബി.ജെ.പിയുടെ പ്രചാരണമാണ്. സമുദായത്തിലെ ആരെങ്കിലും ചെയ്യുന്ന കുറ്റത്തിന് എല്ലാവരും എങ്ങനെ ഉത്തരവാദി ആകുമെന്നും ഫിറോസ് ചോദിച്ചു.
‘സമുദായത്തിനോ, നേതൃത്വത്തിനോ, വിശ്വാസത്തിനോ യാതൊരു പങ്കുമില്ലാത്ത കുറ്റകൃത്യത്തില്‍ സമുദായ നേതാക്കന്മാർ മതവിധി പുറപ്പെടുവിക്കണമെന്ന് പറയാൻ ഇതെന്താ മതരാഷ്ട്രവാദമാണോ? അതിനകത്ത് ദുരുദ്ദേശ്യമുണ്ട്. കേരളത്തില്‍ ധ്രുവീകരണമുണ്ടാക്കാൻ സി.പി.എം ക്വട്ടേഷൻ കൊടുത്ത വ്യക്തിയായി ജലീല്‍ മാറി. യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെ പോലെ ഒരു സമുയാദത്തെ ഒറ്റികൊടുക്കുന്ന വ്യക്തിയായി ജലീല്‍ മാറിയിരിക്കുന്നു. സർക്കാറിനെതിരെയും പൊലീസിനെതിരെയും ആപ്പ് തുടങ്ങിയ വ്യക്തി, മലപ്പുറത്തിനെതിരെയും ആപ്പുമായി വന്നിരിക്കുകയാണ്. പ്രസ്താവന പിൻവലിച്ച് സമുദായത്തോട് മാപ്പു പറയാൻ ജലീല്‍ തയാറാകണം’ -ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു.