‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദം: അന്വേഷണം നടക്കുന്നത് പ്രഥമദൃഷ്ട്യാ ശരിയായ ദിശയിലെന്ന് ഹൈക്കോടതി
കൊച്ചി: ‘കാഫിർ’ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചത് സംബന്ധിച്ചുള്ള അന്വേഷണം നടക്കുന്നത് പ്രഥമദൃഷ്ട്യാ ശരിയായ ദിശയിലെന്നു വ്യക്തമാക്കി ഹൈക്കോടതി. വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ഉൾപ്പെടുത്തണമെന്ന ഹർജിക്കാരന്റെ ആവശ്യം അന്വേഷണ ഉദ്യോഗസ്ഥൻ പരിഗണിക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദ്ദേശം നൽകി. എന്നാൽ കേസ് ഡയറി പരിശോധിച്ചതിനുശേഷമാണ് കേസന്വേഷണം ശരിയായ ദിശയിലായതെന്ന് കോടതി വ്യക്തമാക്കി.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തലേന്ന് വടകര മണ്ഡലത്തിൽ പ്രചരിച്ച വ്യാജ സ്ക്രീൻഷോട്ടിനെ ചൊല്ലിയുള്ള വിവാദം ഇപ്പോഴും തുടരുകയാണ്. ഹർജി സെപ്റ്റംബർ ആറിനു പരിഗണിക്കുമ്പോൾ തീർപ്പാക്കുമെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. തന്റെ പേരിൽ പ്രചരിപ്പിച്ച വ്യാജ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്നും കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യൂത്ത് ലീഗ് നേതാവ് പി.കെ.മുഹമ്മദ് ഖാസിം നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.