കാന്തപുരവും മകനും കോൺസുൽ ജനറലിനെ പലതവണ സന്ദർശിച്ചു; കാർട്ടണുകൾ മർക്കസിൻ്റെ വാഹനങ്ങളിൽ കടത്തി: സ്വപ്നയുടെ സത്യവാങ്മൂലം
സ്വപ്ന സുരേഷിൻ്റെ സത്യവാങ്മൂലത്തിൽ എപി സുന്നി വിഭാഗത്തിൻ്റെ ആത്മീയാചാര്യനായ കാന്തപുരം എപി അബൂബക്കർ മുസലിയാർക്കും മർക്കസിനുമെതിരെ ഗുരുതരമായ ആരോപണങ്ങൾ. കാന്തപുരവും മകനും പലതവണ യുഎഇ കോൺസുലേറ്റ് ജനറലിനെ സന്ദർശിച്ചിട്ടുണ്ടെന്നും കോൺസുലേറ്റിൽ വന്ന പെട്ടികൾ മർക്കസിൻ്റെ വാഹനങ്ങളിൽ കടത്തിയെന്നും സ്വപ്ന ആരോപിക്കുന്നു.
തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേയ്ക്ക് ഖുറാൻ അടങ്ങിയ പെട്ടികൾ എത്തിയെന്നും എന്നാൽ അവയുടെ ഉള്ളടക്കം സംശയാസ്പദമായിരുന്നുവെന്നുമാണ് സ്വപ്നയുടെ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്.
2018 ഫെബ്രുവരി മാസത്തിൽ തിരുവനന്തപുരം എയർപോർട്ടിലേയ്ക്ക് ഡിപ്ലോമാറ്റിക് ചാനൽ വഴി 570 കാർട്ടണുകളെത്തി. ഈ കാർട്ടണുകൾ ഏറ്റുവാങ്ങുന്നതിനായി സരിത്തിനെയായിരുന്നു അയച്ചിരുന്നത്. പെട്ടികളിൽ ഖുറാൻ കോപ്പികൾ ആണെന്നായിരുന്നു കോൺസുൽ ജനറൽ സ്വപ്നയോട് പറഞ്ഞിരുന്നത്. അതിൽ ഇരുപതോളം കാർട്ടണുകൾ കോൺസുൽ ജനറലിൻ്റെ മുറിയിൽ സൂക്ഷിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഈ കാർട്ടണുകൾ പിന്നീട് കോൺസുലേറ്റിൻ്റെ വാഹനങ്ങളിൽ അന്നത്തെ മന്ത്രിയായിരുന്ന ക്.ടി ജലീലിൻ്റെ ഔദ്യോഗിക വസതിയിലെത്തിച്ചെന്നും സ്വപ്ന പറയുന്നു. ഇവയിൽ ചില കാർട്ടണുകൾക്ക് മറ്റുള്ളവയേക്കാൾ ഭാരം കൂടുതലായിരുന്നുവെന്നും സ്വപ്ന ആരോപിക്കുന്നു.
ഇതിനുശേഷം കാന്തപുരം അബൂബക്കർ മുസലിയാരും മകനും കോൺസുൽ ജനറലിനെ പലതവണ സന്ദർശിച്ചു. ബാക്കിയുള്ള കാർട്ടണുകൾ പല പ്രാവശ്യമായി മർക്കസിൻ്റെ വാഹനങ്ങളിൽ കയറ്റി കൊണ്ടുപോകുകയും ചെയ്തു. ഈ കാർട്ടണുകളിൽ എന്തായിരുന്നെന്നോ അവ എങ്ങോട്ടാണ് കൊണ്ടുപോയതെന്നോ ആർക്കും അറിയില്ലായിരുന്നു എന്നും സ്വപ്ന ആരോപിക്കുന്നു.
അതേസമയം സ്വപ്നയുടെ സത്യവാങ്മൂലത്തിലെ പരാമർശങ്ങളുടെ വിശ്വാസ്യതയിൽ യുഡിഎഫും സന്ദേഹത്തിലാണ്. ആരോപണങ്ങൾ ശരിയെങ്കിൽ ഗുരുതരം എന്ന പ്രതിപക്ഷനേതാവിൻ്റെ പ്രസ്താവന സ്വപ്നയിലുള്ള വിശ്വാസക്കുറവാണ് സൂചിപ്പിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.