പിതൃ സ്മരണയില്‍ ഇന്ന് കര്‍ക്കടക വാവ്; ബലിതര്‍പ്പണത്തിനായി ക്ഷേത്രങ്ങളില്‍ വിശ്വാസികളുടെ തിരക്ക്
ഇന്ന് കർക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങള്‍ ഇന്ന് ബലിതർപ്പണം നടത്തും. ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്ക്.
ആലുവ മണപ്പുറത്ത് വാവുബലിക്ക് ഇന്ന് പുലർച്ചെ 3.30ന് തുടക്കമായി. നാളെ പുലർച്ചെ 4.20 വരെ ബലിതർപ്പണമുണ്ടാകും. 45 ബലിത്തറകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഒരേസമയം 500 പേർക്ക് ഇവിടെ ബലിയിടാം.
അപകടസാധ്യത കണക്കിലെടുത്ത് പുഴയില്‍ മുങ്ങിക്കുളിക്കാൻ അനുവദിക്കില്ല. മഹാദേവ ക്ഷേത്ര പരിസരത്ത് ചെളി അടിഞ്ഞു കിടക്കുന്നതിനാല്‍ അവിടേക്കും പ്രവേശിപ്പിക്കില്ല. പെരുമ്ബാവൂർ ചേലാമറ്റം ശ്രീ കൃഷ്ണ ക്ഷേത്രവളപ്പില്‍ പുലർച്ചെ ഒന്നിന് ബലിതർപ്പണ ചടങ്ങുകള്‍ തുടങ്ങി. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വർക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, തൃക്കുന്നപ്പുഴ, തിരുമൂലവരം എന്നിങ്ങനെ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലുമെല്ലാം ഇന്ന് ബലിതർപ്പണം നടക്കും.