ഷവര്‍മ കഴിച്ചു വിദ്യാര്‍ഥിനി മരിച്ചു; കൂള്‍ബാറിന്റെ വാഹനം കത്തിയ നിലയില്‍
കാസര്‍കോട് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചു വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ കൂള്‍ബാറിന്റെ വാഹനം കത്തിയ നിലയില്‍. ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാറിന്റെ വാഹനമാണ് കത്തിയ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ അജ്ഞാതര്‍ തീവെച്ചു നശിപ്പിച്ചു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷവര്‍മ കഴിച്ചു ഒരു കൂട്ടം ആളുകള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതോടെ കൂള്‍ബാറിനു സമീപം സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ഷവര്‍മ കഴിച്ച ഒരു വിദ്യാര്‍ഥിനി മരിച്ചതോടെ കൂള്‍ബാറിനു നേരെ ആക്രമസംഭവങ്ങളും ജനങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നു. ഇതിനു പുറമെ ആണ് വാഹനം കത്തിയ നിലയില്‍ കണ്ടെത്തിയത്.
ഭക്ഷ്യവിഷബാധ ഉണ്ടായ കൂള്‍ബാറിന്റെ ഉടമ മുഹമ്മദിനെ പോലീസ് ദുബായില്‍ നിന്ന് വളിച്ചുവരുത്തും എന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതായും മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഭക്ഷ്യവിഷബാധ ഏറ്റ 45ഓളം ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രണ്ടു പേരുടെ നില ഗുരുതരമാണ്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചെറുവത്തൂരിലെ നാരായണന്-പ്രസന്ന ദമ്പതികളുടെ മകള്‍ ദേവനന്ദയാണ് (17) മരിച്ചത്. വിദ്യാര്‍ഥിനിയുടെ പോസ്റ്റ്മാര്‍ട്ടം ഇന്ന് നടക്കും.