കേരള ബാങ്കിനെ ‘സി’ ക്ലാസിലേക്ക് തരം താഴ്ത്തി; ആര്.ബി.ഐ അല്ലെന്ന് ബാങ്കിന്റെ വിശദീകരണം
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരള ബാങ്കിനെ സി ക്ലാസ് പട്ടികയിലേക്ക് റിസര്‍വ് ബാങ്ക് തരം താഴ്ത്തി.
എന്നാല്‍ തരംതാഴ്ത്തിയത് ആര്.ബി.ഐ അല്ലെന്നും നബാര്‍ഡ് ആണെന്നും കേരള ബാങ്ക് വൃത്തങ്ങളും വിശദീകരിച്ചു. അതേസമയം, നടപടി സ്വീകരിച്ചത് ആര്.ബി.ഐ ആയാലും നബാര്‍ഡ് ആയാലും കേരള ബാങ്കിന് തിരിച്ചടിയാണെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ അഭിപ്രായം.
25 ലക്ഷം രൂപക്ക് മുകളില്‍ വ്യക്തിഗത വായ്പ നല്കാന് പാടില്ലെന്ന കര്‍ശന നിയന്ത്രണത്തോടെയാണ് കേരള ബാങ്കിനെതിരെ നടപടി സ്വീകരിച്ചത്. ഇതിനോടകം വിതരണം ചെയ്ത വായ്പകള്‍ ഘട്ടം ഘട്ടമായി തിരിച്ചു പിടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പുതിയ പട്ടിക അനുസരിച്ച് കേരള ബാങ്ക് സി ക്ലാസിലാണെന്ന് കാട്ടി ബാങ്കിന്റെ വിവിധ ശാഖകളിലേക്ക് കത്തും അയച്ചിട്ടുണ്ട്. ഏഴ് ശതമാനത്തില്‍ കുറവായിരിക്കേണ്ട നിഷ്ക്രിയ ആസ്തി 11 ശതമാനത്തില്‍ കൂടുതലായതാണ് കേരള ബാങ്കിന് തിരിച്ചടിയായത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുവദിച്ച വായ്പാ കിട്ടാക്കടം വര്‍ധിച്ചതും വിനയായി.