അഗ്നിപഥ് പ്രക്ഷോഭം: കേരളത്തിലും മുൻകരുതൽ വേണമെന്ന് ഡിജിപിയുടെ സർക്കുലർ
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ രാജ്യവ്യാപകമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പൊലീസ് സേന സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സർക്കുലറുമായി പൊലീസ് മേധാവി. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. അഗ്നിപഥ് നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ ചില സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഡിജിപിയുടെ സർക്കുലർ.
അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്യുക, പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് രാത്രി മുതല്‍തന്നെ പൊലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തുക എന്നിവയാണ് സർക്കുലറിലെ പ്രധാന നിർദ്ദേശങ്ങൾ. മുഴുവന്‍ പൊലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ.ജിമാരുമാകും സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുക.