ദിലീപിന് അനുകൂലമായ പൊതുബോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നു; ശ്രീജിത്ത് പണിക്കർക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരളാ ഫെമിനിസ്റ്റ് ഫോറം
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ആയിരുന്ന ദിലീപിനെ വിചാരണ കോടതി കുറ്റക്കാരനല്ലെന്ന് വിധിച്ച് വെറുതെ വിട്ടിരിക്കുകയാണ്. കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ പോകുന്നുണ്ട്. ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഒരു വശത്ത് ഉയരുമ്പോൾ, വിധിയെ അനുകൂലിച്ച്, ദിലീപിന് സപ്പോർട്ടുമായി രംഗത്ത് വരുന്ന വ്യക്തിയാണ് ശ്രീജിത്ത് പണിക്കർ.
ദിലീപിനെ പിന്തുണയ്ക്കുന്ന നിരവധി വീഡിയോകൾ ശ്രീജിത്ത് പണിക്കർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാലിപ്പോൾ ശ്രീജിത്ത് പണിക്കർക്കെതിരെ നടപടി ആവശ്യപ്പെട്ട് – കേരള ഫെമിനിസ്റ്റ് ഫോറത്തിന്റെ തുറന്ന ഒരു പരാതി മുഖ്യമന്ത്രിക്ക് നൽകിയിരിക്കുകയാണ്.
പരാതിയുടെ ഉളളടക്കം ഇങ്ങനെയാണ് – നടി ആക്രമിക്കപ്പെട്ട കേസിൻ്റെ വിധി വന്നതിനു ശേഷം സ്വയം സാമൂഹ്യ നിരീക്ഷകൻ എന്ന് അവകാശപ്പെടുന്ന ശ്രീജിത്ത് പണിക്കർ എന്ന വ്യക്തി ദിനം പ്രതി ഈ കേസ് സംബന്ധിച്ച വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു വരുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു.
കോടതിവിധിയെ ആർക്കും വിശകലനം ചെയ്യാം എന്ന യുക്തിയുടെ മറവിൽ, ഈ കേസ് തന്നെ കളവാണെന്നും തെളിവുകൾ എല്ലാം പോലീസ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും വസ്തുതകളെ വളച്ചൊടിച്ച്, നുണ പ്രചരണത്തിലൂടെ എട്ടാം പ്രതിയായ ദിലീപിന് അനുകൂലമായ ഒരു പൊതുബോധം സൃഷ്ടിക്കുവാനാണ് ഇയാൾ ശ്രമിക്കുന്നത്.
എട്ടാം പ്രതി നടൻ ദിലീപിനെ വെറുതെ വിട്ടതുൾപ്പെടെയുള്ള സെഷൻസ് കോടതി വിധിക്കെതിരെ സർക്കാരും, ക്വട്ടേഷൻ ലൈംഗികാക്രമണത്തിനിരയായ നടിയും ഹൈക്കോടതിയിൽ അപ്പീൽ നൽകുവാൻ തയ്യാറെടുക്കുമ്പോഴാണ് ഇയാൾ ഇത്തരത്തിൽ പി. ആർ വർക്ക് ചെയ്യുന്നത്.
ഹൈക്കോടതിയിലും തുടർന്ന് സുപ്രീം കോടതിയിൽ വരെയും എത്താൻ സാധ്യതയുളള, താരതമ്യങ്ങൾ ഇല്ലാത്ത ഈ കേസിൽ നിന്നും ഇപ്പോൾ രക്ഷപ്പെട്ട നടന് വേണ്ടി നടക്കുന്ന വലിയ ആസൂത്രിതമായ നീക്കത്തിൻ്റെ ഭാഗമാണ് ദിവസേനയുള്ള ഈ വിഡിയോ സംപ്രേക്ഷണം. അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും താഴ്ത്തിക്കെട്ടുന്ന ബോധപൂർവ്വമായ ഇത്തരം പ്രവർത്തനങ്ങൾ ഈ കേസിൻ്റെ സ്വതന്ത്രമായ ഭാവിനടപടികളെ ബാധിക്കുവാനും കാരണമാകും.
ഇതിനകം തന്നെ അത്യധികം പീഡനങ്ങൾ നേരിടേണ്ടി വന്ന പരാതിക്കാരിയെ സമുഹത്തിൻ്റെ മുമ്പിൽ കൂടുതൽ അപമാനിക്കുവാനും തെറ്റിദ്ധാരണകൾ പരത്താനും ഒറ്റപ്പെടുത്താനും കൂടിയാണ് ഈ വീഡിയോകൾ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് ശ്രീജിത്ത് പണിക്കർ എന്നയാൾക്കെതിരെ ഉടനടി കേസെടുത്ത്, ഇതു സംബന്ധിച്ച വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിന്നും ഉടൻ നിക്കം ചെയ്യണമെന്നും അത് പ്രചരിപ്പിക്കുന്നവർക്കെതിരെ കടുത്ത നിയമ നടപടി എടുക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ഈ പരാതി നൽകിയിരിക്കുന്നത് കെ. അജിത, മേഴ്സി അലക്സാണ്ടർ, അഡ്വ. ആശ ഉണ്ണിത്താൻ, സജിത മഠത്തിൽ, ശ്യാം ശീതൾ, ശ്രീജ നെയ്യാറ്റിൻകര എന്നിവർ അടങ്ങുന്ന ഒരു വലിയൊരു കൂട്ടായ്മയാണ്.
എന്നാൽ ഇതിനെതിരെയും ഒരുകൂട്ടം ആളുകൾ ഇപ്പോൾ ഒരു ക്യാമ്പയിൻ തുടങ്ങിയിട്ടുണ്ട്. അവർ പറയുന്നത് കോടതി കുറ്റവിമുക്തനാക്കിയ ഒരു മനുഷ്യനെ, മാധ്യമങ്ങളിലൂടെ അപകീത്തിപ്പെടുത്തുന്ന ഭാഗ്യലക്ഷ്മി എന്ന സ്ത്രീ അടങ്ങുന്ന ഗൂഢസംഘത്തിനെതിരെ കോടതി അലക്ഷ്യത്തിനു കേസ്സെടുക്കണം. എന്നാണ്.
ഇത്തരം ആളുകളെ വിളിച്ചിരുത്തി ചർച്ചകൾ നടത്തി, നീതിന്യായ കോടതികളെ അവഹേളിക്കുന്ന ചാനൽ അവതാരകർ, മാധ്യമ ഉടമകൾ എന്നിവർക്കെതിരെ കേസെടുക്കണം.
കോടതി നിരപരാധി എന്ന് വിധിച്ച ദിലീപിന് മാനഹാനി ഉണ്ടാക്കുന്ന വീഡിയോകളും, വാർത്തകളും യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ നിന്നും ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണം.
ദിലീപും അതിജീവിതയും തമ്മിലുള്ള നിയമപോരാട്ടം എന്തായാലും ഇവിടം കൊണ്ടൊന്നും അവസാനിക്കില്ല എന്നത് ഉറപ്പാണ്. അതേപോലെ തന്നെ സോഷ്യൽമീഡിയയിലും സമൂഹത്തിലും രണ്ടു ചേരികളായി തിരിഞ്ഞുള്ള ചർച്ചകളും വെല്ലുവിളികളും ഒക്കെ ഇപ്പോൾ വ്യാപകമായി നടക്കുകയാണ്.













