ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; വി വേണു ഐഎഎസ് ആഭ്യന്തര സെക്രട്ടറിയാകും ആരോഗ്യവകുപ്പ് സെക്രട്ടറിയെ മാറ്റി
സംസ്ഥാനത്തെ സിവിൽ സർവീസ് തലപ്പത്ത് അഴിച്ചുപണി. നിലവിൽ ആഭ്യന്തരവകുപ്പിൻ്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ടികെ ജോസ് ഐഎഎസ് വിരമിക്കുന്നതിൻ്റെ ഭാഗമായാണ് ഉദ്യോഗസ്ഥരുടെ ചുമതലകൾ മാറ്റിയത്. നിലവിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിൻ്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയായ ഡോ. വി വേണു ഐഎഎസിനായിരിക്കും ഇനിമുതൽ ആഭ്യന്തര വകുപ്പിൻ്റെ ചുമതല. പരിസ്ഥിതി വകുപ്പിൻ്റെ അധിക ചുമതലയും ഇദ്ദേഹത്തിനായിരിക്കും. ഇദ്ദേഹത്തിൻ്റെ ഒഴിവിൽ അഗ്രിക്കൾചർ പ്രൊഡക്ഷൻ കമ്മീഷണർ ആയ ഇഷിത റോയ് ഐഎഎസ് ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയാകും.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. രാജൻ ഖൊബ്രഗഡെ ഐഎഎസിനെ ജലവിഭവവകുപ്പിലേയ്ക്ക് മാറ്റി. ഉൾനാടൻ ജലഗതാഗതവകുപ്പിൻ്റെയും കൃഷിവകുപ്പിൻ്റെയും അധികച്ചുമതല കൂടി ഇദ്ദേഹത്തിന് നൽകിയിട്ടുണ്ട്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ടിങ്കു ബിസ്വാൾ പുതിയ ആരോഗ്യവകുപ്പ് സെക്രട്ടറിയാകും. ആയുഷ് , തുറമുഖം എന്നീ വകുപ്പുകളുടെ അധികച്ചുമതലയും അദ്ദേഹത്തിനുണ്ടാകും.
നിലവിൽ കൃഷിവകുപ്പ് സെക്രട്ടറിയായ അലി അസ്ഗർ പാഷ ഐഎഎസ് ആയിരിക്കും ഇനിമുതൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സെക്രട്ടറി. തദ്ദേശ സ്വയംഭരണവകുപ്പിൽ റൂറൽ വിഭാഗത്തിൻ്റെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫിന് മുഴുവൻ തദ്ദേശസ്വയംഭരണ വകുപ്പിൻ്റെയും ചുമതലയുണ്ടാകും.
റവന്യൂ, ദുരന്തനിവാരണം എന്നീ വകുപ്പുകളുടെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഐഎഎസിന് പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ്, പിന്നോക്ക വിഭാഗ വികസനവകുപ്പ്, സാംസ്കാരികവകുപ്പ് എന്നിവയുടെ അധികച്ചുമതല നൽകും. ഉൾനാടൻ ജലഗതാഗത കോർപറേഷൻ്റെ മാനേജിങ് ഡയറക്ടർ ആയ പ്രശാന്ത് നായർ ഐഎഎസിനെ പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ്, പിന്നോക്ക വിഭാഗ വികസനവകുപ്പ് എന്നിവയുടെ സ്പെഷ്യൽ സെക്രട്ടറിയായും നിയമിച്ചു.