ഉച്ചഭാഷിണിയ്ക്കുള്ള അനുമതി മുതൽ സുരക്ഷ വരെ: എല്ലാ പോലീസ് സേവനങ്ങളുടെയും ഫീസ് വർദ്ധിപ്പിച്ചു
സംസ്ഥാനത്ത് പൊലീസ് വകുപ്പ് നൽകുന്ന എല്ലാ സേവനങ്ങളുടെയും ഫീസ് വർധിപ്പിച്ചു. ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള ഫീസ് മുതൽ പൊലീസ് സുരക്ഷയ്ക്കുള്ള ചാർജ് വരെയുള്ളവയിൽ വർധനവുണ്ട്. വരുമാനം വർധിപ്പിക്കാൻ സംസ്ഥാന സർക്കാർ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകിയതിനെത്തുടർന്നാണ് പൊലീസ് വകുപ്പിന് നൽകുന്ന ഫീസ് പരിഷ്കരിച്ചുള്ള പുതിയ ഉത്തരവിന് പൊലീസ് ഡയറക്ടർ ജനറൽ ശുപാർശ ചെയ്തത്. തുടർന്ന് ആഭ്യന്തര വകുപ്പ് ഈ ശുപാർശ അംഗീകരിക്കുകയായിരുന്നു.
ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള അനുമതിയ്ക്കായി പോലീസിന് നൽകുന്ന ഫീസ് ഇരട്ടിയാക്കി. കൂടാതെ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഫീസ് സ്വീകരിച്ച് പോലീസ് നൽകുന്ന എല്ലാ സേവനങ്ങളുടെയും ചിലവ് 10 ശതമാനമാക്കി വർധിപ്പിച്ചിട്ടുണ്ട്. സ്ഥാപനങ്ങൾ, ഏജൻസികൾ, വിനോദ പരിപാടികൾ, സിനിമാ ഷൂട്ടിംഗ്, പണം കടത്തുന്ന വാഹനങ്ങൾക്കുള്ള എസ്കോർട്ട്, പോലീസ് നായ്ക്കളുടെ സേവനം എന്നിവയ്ക്കെല്ലാം പോലീസ് സുരക്ഷ ഒരുക്കുന്നതിനുള്ള ഫീസും വർധിപ്പിച്ചു.
ഫിംഗർപ്രിന്റ് ബ്യൂറോയുടെയും ഫോറൻസിക് സയൻസ് ലബോറട്ടറിയുടെയും സേവനങ്ങൾക്കും ഇനിമുതൽ 10 ശതമാനം അധിക ചാർജ് നൽകണം. ഒരു സിനിമാ ചിത്രീകരണത്തിനോ മറ്റേതെങ്കിലും വിനോദ പരിപാടികൾക്കോ വേണ്ടി പകലും രാത്രിയും നാല് മണിക്കൂർ ഒരു പോലീസ് ഉദ്യോഗസ്ഥനെ വിന്യസിക്കാൻ യഥാക്രമം 555 രൂപയും 830 രൂപയുമാണ് ഈടാക്കിയിരുന്നത്. എന്നാൽ ഈ ചാർജ് പകൽ 700 രൂപയും രാത്രി 1,040 രൂപയുമായി വർധിപ്പിച്ചു. അതിൽത്തന്നെ റാങ്ക് വ്യത്യാസത്തിൽ സബ് ഇൻസ്പെക്ടർക്ക് 2,560 രൂപയും 4,350 രൂപയും, സർക്കിൾ ഇൻസ്പെക്ടർക്ക് ആണെങ്കിൽ 3,795 രൂപയും 4,750 രൂപയുമാണ് ഫീസ്.
ഉത്സവങ്ങൾ നടത്തുന്നതിനുള്ള അനുമതി ഫീസ് സ്റ്റേഷൻ പരിധിയിൽ 2000 രൂപയും സബ് ഡിവിഷൻ പരിധിയിൽ 4000 രൂപയും ജില്ലാ പരിധിയിൽ 10000 രൂപയുമായി വർധിപ്പിക്കും. 1000 രൂപയാണ് പൊതുയോഗങ്ങൾക്ക് അനുമതി ലഭിക്കുന്നതിനുള്ള ഫീസ്. ഒരു സ്വകാര്യ സ്ഥാപനത്തിലെ ഓരോ ഉദ്യോഗാർത്ഥിയുടെയും പോലീസ് വെരിഫിക്കേഷൻ നടപടിക്രമങ്ങൾക്കായി വകുപ്പിന് 1000 രൂപയും ഇനിമുതൽ ഈടാക്കും. രണ്ട് വർഷത്തിന് ശേഷമാണ് പൊലീസ് സേവനങ്ങൾക്കുള്ള നിരക്കുകൾ പരിഷ്കരിക്കുന്നത്.