കേരളാ പൊലീസിലെ ”ഷെർലക് ഹോംസ്” ഇനി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ’
എല്ലാവരോടും സൗമ്യമായി പെരുമാറുന്ന കെ കാർത്തിക് ഐപിഎസ്
കേരളാ പോലിസിന്റെ തലപ്പത്ത് ഒരു അഴിച്ചുപണി നടത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ഐജി, ഡിഐജി തലത്തിലാണു മാറ്റം. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണറായി കെ കാർത്തികിനെയും കൊച്ചി സിറ്റി പൊലീസ് കമീഷണറായി എസ് ഹരിശങ്കറിനെയും നിയമിച്ചു.
കുറ്റാന്വേഷണത്തിലെ മികവിന് കേന്ദ്ര,സംസ്ഥാന പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ, കേരളാ പൊലീസിലെ ‘ഷെർലക് ഹോംസ്’ എന്ന് പേരെടുത്ത ചെന്നൈ സ്വദേശിയായ ഡി.ഐ.ജി കെ.കാർത്തിക്കാണ് സിറ്റി പൊലീസിന്റെ പുതിയ തലവൻ.
എല്ലാവരോടും വളരെ സൗമ്യമായി പെരുമാറുന്ന ഒരു ഓഫീസറാണ് കെ കാർത്തിക്. അതേപോലെ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരേപോലെ പരിഗണിക്കുന്ന ആളുമാണ്. എന്നാൽ കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും ഇദ്ദേഹം കാണിക്കാറുമില്ല.
തെളിവുകള്‍ കുഴിച്ചുമൂടിയ പല കേസുകളില്‍ പോലും ശാസ്ത്രീയമായ അന്വേഷണത്തിലൂടെ സത്യം തെളിയിച്ചതിന് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പുരസ്കാരം, കുറ്റാന്വേഷണത്തിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്ജ് ഒഫ് ഓണർ അടക്കം നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
പ്രണയനൈരാശ്യം കാരണം കോതമംഗലത്തെ ഡെന്റല്‍ വിദ്യാർത്ഥിനി മാനസയെ വെടിവച്ചുകൊന്ന കേസില്‍ ബീഹാർവരെ എത്തിയ ദീർഘമായ അന്വേഷണത്തിനാണ് കേന്ദ്രപുരസ്കാരം ലഭിച്ചത്. കള്ളത്തോക്കിന്റെ ഉറവിടം തേടി ബീഹാറിലെ പട്ന, മുഗീർ എന്നിവിടങ്ങളിലും ചില മാവോയിസ്റ്റ് മേഖലകളിലുമെത്തി തോക്കുനല്‍കിയ ആളെയും ഇടനിലക്കാരനായ ടാക്സി ഡ്രൈവറെയും അറസ്റ്റു ചെയ്ത ഓഫീസറാണ് കെ കാർത്തിക്. കേരളത്തിലേക്ക് കള്ളത്തോക്കുകൾ എത്തുന്ന വഴികള്‍ കണ്ടെത്താൻ ബീഹാറിലെ ഈ അന്വേഷണത്തിലൂടെ സാധിക്കുകയും ചെയ്തു.
കൂടാതെ പാലാരിവട്ടം പാലം അഴിമതി, മരട് ഫ്ലാറ്റ് നിർമാണത്തിലെ ക്രമക്കേടുകള്‍, കൊച്ചിയിലെ അനധികൃത കെട്ടിട നിർമാണം, ആലത്തൂരിലെ പട്ടികജാതി- വർഗ കേസുകള്‍, നടൻ കലാഭവൻ മണിയുടെ മരണം എന്നിങ്ങനെ നിരവധി കേസുകളില്‍ മികവു കാണിച്ചിട്ടുണ്ട്.
സാധാരണക്കാരോട് അനുഭാവമുള്ള ഒരു ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. എറണാകുളം റൂറല്‍ എസ്.പിയായിരിക്കെ, പരാതി നല്‍കാനെത്തിയ ഭിന്നശേഷിക്കാർ മൂന്നാം നിലയിലെ തന്റെ മുറിയിലേക്കു കയറാൻ ബുദ്ധിമുട്ടുന്നതു കണ്ടപ്പോള്‍ താഴെ ഇറങ്ങിച്ചെന്ന് കാർത്തിക് പരാതികൾ സ്വീകരിച്ചു.
കൊവിഡുകാലത്ത് തെരുവില്‍ അന്തിയുറങ്ങുന്ന ആളുകൾക്ക് ഭക്ഷണമെത്തിച്ചു. കണ്ണൂർ എ.എസ്.പിയായിരിക്കെ, വളപട്ടണം സ്റ്റേഷനില്‍ വിരമിച്ച എസ്.ഐ ശൈലേന്ദ്രനെ സ്വന്തമായി ജീപ്പോടിച്ച് വീട്ടില്‍ കൊണ്ടു ചെന്നാക്കിയ സംഭവത്തിലും കാർത്തിക് കൈയടി നേടിയിരുന്നു.
ചെന്നൈയിലെ തുരുഞ്ചാപുരം ഗ്രാമത്തിലെ കർഷക കുടുംബമാത്തിലാണ് ഇദ്ദേഹം ജനിക്കുന്നത്. ആ ചെറിയ ഗ്രാമത്തിലെ ആദ്യ എൻജിനിയറാണ് കാർത്തിക്. അനുജൻ കെ.പഴനി ഗ്രാമത്തിലെ ആദ്യ ഡോക്ടറും. ട്യൂഷന് പോകാൻ പണമില്ലാത്തതിനാല്‍, തനിയെ തയ്യാറെടുത്താണ് കാർത്തിക് സിവില്‍ സർവീസ് പരീക്ഷയെഴുതി പാസായത്. 2011 ബാച്ചിലെ കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.
2022 ലാണ് കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര പുരസ്കാരം കോട്ടയം ജില്ലാ പോലീസ് മേധാവിയായിരുന്ന കെ. കാർത്തിക്കിന് ലഭിക്കുന്നത്. സ്ഥിരം കുറ്റവാളികളെ ജയിലിലടക്കാൻ അദ്ദേഹം ആവിഷ്ക്കരിച്ച ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലയിൽ 57 പേരെ ജയിലിലടച്ചു. 37 പേരെ നാടുകടത്തി.
കോവിഡ് കാലത്ത് നടപ്പിലാക്കായ കിച്ചൻ ഗാർഡ് ചലഞ്ച്, രക്ത ദാനം, സേഫ് പബ്ലിക് സേഫ് പോലീസ്, ശുഭയാത്ര, നിങ്ങൾക്കരികെ, കാടിന്റെ മക്കൾക്ക് കൈത്താങ്ങ് , കരുതലിന്റെ ഭക്ഷണപ്പൊതി , തുടങ്ങി നിരവധി ജനകീയ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്.
കാർത്തിക്ക് രൂപകൽപന ചെയ്ത ഹാപ്പി അറ്റ് ഹോം എന്ന ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ദേശിയ തലത്തിലും ഏറെ ശ്രദ്ധ നേടിയിരുന്നു.












