സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസമായി തുടരുന്ന മഴക്ക് ഇന്നും ശമനമില്ല. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്. പത്ത് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ലക്ഷദ്വീപിന് മുകളിൽ രൂപം കൊണ്ട ചക്രവാതച്ചുഴി, ബംഗാൾ ഉൾക്കടലിൽ തമിഴ്നാടിന് സമീപത്തുള്ള മറ്റൊരു ചക്രവാതചുഴി എന്നിവയുടെ സ്വാധീനം മൂലം അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാവുന്നതാണ് മഴക്ക് കാരണം. ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തീരപ്രദേശത്തുള്ളവർക്ക് കനത്ത ജാഗ്രതാ നിർദേശമുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോവരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര ദുരന്ത നിവാരണ സേനയുടെ അഞ്ച് സംഘങ്ങൾ കേരളത്തിലെ വിവധ ജില്ലകളിൽ എത്തി. ഇപ്പോൾ പെയ്യുന്ന മഴ കാലവർഷത്തിന്റെ ഭാഗമായി ഉള്ളതല്ലെന്നും രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
Content Highlight: Kerala to receive heavy rainfall; Orange alert in four districts.