സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
കേരളത്തിൽ ഇന്നും കനത്ത മഴ തുടരും. എറണാകുളം, തൃശൂർ, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരവും പാലക്കാടും ഒഴികെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ടീമിനെ കേരളത്തിലേക്ക് നിയോഗിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ ഇടുക്കി, എറണാകുളം, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലാണ് എൻ ഡി ആർ എഫ് സംഘത്തെ നിയോഗിക്കുക. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും നാളെയും കനത്ത മഴയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശമാണ്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോവുന്നതിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
വരുന്ന 24 മണിക്കൂറിനുള്ളിൽ 204.5 mm ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇത് തീവ്രമഴയായാണ് പരിഗണിക്കുന്നത്. ഏതാനും ദിവസങ്ങളായി മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ തീരപ്രദേശങ്ങൾ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
Content Highlight: Red alert issued for 5 districts. Kerala to receive heavy rainfall.