ഹോം അവാർഡ് വിവാദം: വിജയ് ബാബുവിൻ്റെ കേസ് ഘടകമായിട്ടില്ലെന്ന് സജി ചെറിയാൻ
ഇന്ദ്രൻസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഹോം എന്ന സിനിമയ്ക്ക് അവാർഡ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ . ചിത്രത്തിൻ്റെ നിർമാതാവായ വിജയ് ബാബുവിൻ്റെ പേരിലുള്ള ലൈംഗികപീഡനക്കേസ് അവാർഡിന് പരിഗണിക്കാതിരിക്കാൻ കാരണമായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചലച്ചിത്ര പുരസ്കാര നിർണയത്തിനായി മികച്ച നിലയിലുള്ള പരിശോധനയാണ് നടന്നതെന്ന് സജി ചെറിയാൻ പറഞ്ഞു. ജൂറി എല്ലാ സിനിമകളും കണ്ടെന്നാണ് പറഞ്ഞതെന്നും ജൂറിയുടെ വിധി അന്തിമമാണെന്നും അദ്ദേഹം പറഞ്ഞു. “ഹോം“ സിനിമയും ജൂറി കണ്ടിരുന്നുവെന്നാണ് ജൂറി ചെയർമാൻ പറഞ്ഞത്. ഇന്ദ്രൻസ് തെറ്റിദ്ധരിച്ചതാകാമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
ജൂറി സിനിമ കണ്ടിട്ടുണ്ടാകില്ലെന്നും ഒഴിവാക്കാനുള്ള കാരണം നേരത്തെ കണ്ടുവെച്ചിട്ടുണ്ടാകാമെന്നും ഇന്ദ്രൻ ആരോപിച്ചിരുന്നു. സിനിമ കണ്ടവരാണ് സിനിമക്കനുകൂലമായ പ്രതികരണവുമായി എത്തുന്നതെന്നും ഇന്ദ്രൻസ് പറഞ്ഞു. മനോരമ ന്യൂസ് ചാനലിലെ വാർത്താപരിപാടിയ്ക്കിടയിൽ ടെലിഫോണിലൂടെയായിരുന്നു ഇന്ദ്രൻസിൻ്റെ പ്രതികരണം. തുടർന്ന്, ഇന്ദ്രൻസിൻ്റെ ആരോപണം നിഷേധിച്ച് ജൂറി ചെയർമാൻ സയ്യദ് മിർസയും രംഗത്തെത്തി.
ഏറെ ജന ശ്രദ്ധ നേടിയിട്ടും ചിത്രം അവാർഡിന് പരിഗണിക്കപ്പെടാതിരുന്നതാണ് വ്യാപക പ്രതിഷേധങ്ങൾക്ക് വഴിവെച്ചത്. ചിത്രത്തിന് പുരസ്കാരം ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ പ്രതിഷേധമില്ലെന്നുമായിരുന്നു ചിത്രത്തിൻ്റെ സംവിധായകൻ റോജിൻ തോമസ് പ്രതികരിച്ചത്.
Content Highlights: Home Movie Row, Indrans Award row, Kerala State Film Award row, Saji Cheriyan’s response, Vijay Babu Case