കേരള സർവകലാശാല തർക്കം; മോഹനൻ കുന്നുമ്മലിനെതിരെ സിൻഡിക്കേറ്റ് അംഗം പൊലീസിൽ പരാതി നൽകി

കേരള സർവകലാശാലയിലെ ഭരണ തർക്കം പൊലീസ് കേസിലേക്ക്. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെതിരെ സിൻഡിക്കേറ്റ് അംഗം പൊലീസിൽ പരാതി നൽകി. കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലെ മിനിറ്റ്സ് വി സി തിരുത്തി എന്നാണ് പരാതി.
രജിസ്ട്രാർ കെ എസ് അനിൽകുമാറിൻ്റെ സസ്പെൻഷൻ അംഗീകരിച്ചെന്നായിരുന്നു സിൻഡിക്കേറ്റ് യോഗ തീരുമാനം ആയി പുറത്ത് വന്നത്. എന്നാൽ കെ എസ് അനിൽകുമാർ വിഷയം കോടതി പരിഗണനയിലിരിക്കുന്നതിനാൽ യോഗത്തിൽ ചർച്ച ചെയ്തിട്ടില്ല എന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നത്.
വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലും മുൻ രജിസ്ടാർ ഇൻ ചാർജുമായിരുന്ന മിനി കാപ്പനും എതിരെയാണ് പോലീസിൽ പരാതി നൽകിയത്. സിൻഡിക്കേറ്റ് മിനിറ്റ്സിൽ ഇരുവരും തിരുമറി നടത്തിയെന്നാണ് ആരോപണം. ഇടതു സിൻഡിക്കേറ്റ് അംഗം ഡോ. ലെനിൻ ലാലാണ് പരാതി നൽകിയത്. പരാതിയിൽ വഞ്ചന, ഔദ്യോഗിക രേഖകളിൽ കൃത്രിമം വരുത്തൽ, ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ആരോപിക്കുന്നു. ഇന്നലെ കണ്ടോൺമെൻറ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊലീസ് തുടർനടപടി സ്വീകരിച്ചിട്ടില്ല.