ഇയാളു കൊയപ്പത്തിലാക്കുമോ? ആത്മഗതത്തില്‍ വിശദീകരണവുമായി കെ കെ ശൈലജ
നിയമസഭയില്‍ കെ ടി ജലീല്‍ സംസാരിക്കുന്നതിന് മുന്‍പ് പ്രസംഗം നിര്‍ത്തി ഇരിക്കുമ്പോള്‍ കെ കെ ശൈലജ എംഎല്‍എ പറഞ്ഞ വാക്കുകള്‍ വിവാദത്തില്‍. ഇയാള്‍ കൊയപ്പത്തിലാക്കുമോ എന്നായിരുന്നു ഇരിക്കുമ്പോള്‍ ശൈലജയുടെ ആത്മഗതം. മൈക്ക് ഓണാണെന്നത് അറിയാതെയായിരുന്നു ശൈലജ ഇങ്ങനെ പറഞ്ഞത്. ജലീല്‍ സര്‍ക്കാരിനെ കുഴപ്പത്തിലാക്കുമോ എന്നായിരിക്കാം ശൈലജ ഉദ്ദേശിച്ചതെന്ന വിധത്തില്‍ വാര്‍ത്തകള്‍ വരികയും ചെയ്തു.
ഇപ്പോള്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ശൈലജ. പ്രസംഗത്തിനിടെ ബഹു അംഗം കെ ടി ജലീല്‍ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സ. സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണെന്ന് അവര്‍ ഫെയിസ്ബുക്കില് കുറിച്ചു. അത് ജലീലിന് എതിരെയാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണെന്നും അവര്‍ വ്യക്തമാക്കി.
ലോകായുക്ത ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് കെ.കെ.ശൈലജ സംസാരിക്കുന്നതിനിടെ കെ.ടി.ജലീല്‍ സംസാരിക്കാന്‍ അനുവാദം ചോദിച്ചപ്പോഴാണ് സംഭവം. പ്രസംഗ സമയത്ത് മറ്റൊരാള്‍ക്ക് ഇടപെട്ട് സംസാരിക്കാന്‍ അവസരം നല്‍കുന്നതിനെ വഴങ്ങുക എന്നാണ് സഭാ നടപടി പ്രകാരം പറയുന്നത്. സ്പീക്കര്‍ പ്രസംഗിക്കാന്‍ അനുവാദം നല്കിയ അംഗത്തിന്റെ സമയത്തില്‍നിന്ന് രണ്ടാമത്തെയാള്‍ സംസാരിക്കുന്ന സമയം കുറവു ചെയ്യുകയാണ് രീതി. ഇതേത്തുടര്‍ന്നായിരുന്നു ശൈലജയുടെ ആത്മഗതം.