നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് മാഗ്സസെ പുരസ്കാരം നിരസിച്ചത്; പ്രതികരിച്ച് കെ കെ ശൈലജ
മാഗ്സസെ പുരസ്കാരം നിരസിച്ച സംഭവത്തില്‍ പ്രതികരണവുമായി കെ കെ ശൈലജ. പുരസ്കാരത്തിന് പരിഗണിക്കുന്നതായി തന്നെ അറിയിച്ചിരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതുവരെ ഇങ്ങനെയൊരു പുരസ്കാരം ലഭിച്ചിട്ടില്ലെന്ന് പരിശോധിച്ചപ്പോള്‍ കണ്ടു. കേന്ദ്രകമ്മിറ്റിയംഗം എന്ന നിലയില്‍ സിപിഎം നേതൃത്വവുമായി ചര്‍ച്ച ചെയ്തുകൊണ്ടാണ് പുരസ്കാരം നിരസിച്ചതെന്ന് അവര്‍ വ്യക്തമാക്കി. പുരസ്കാരം വ്യക്തിപരമായി സ്വീകരിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്ന് അവാര്‍ഡ് കമ്മിറ്റിയോട് നന്ദിയറിയിച്ചുകൊണ്ട് പറഞ്ഞുവെന്നും ശൈലജ വ്യക്തമാക്കി.
പാര്‍ട്ടി എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് മാത്രമാണ് തീരുമാനിക്കുന്നത്. ഇത് വ്യക്തപരമായ കാര്യമല്ല. കേരളത്തിലെ ആരോഗ്യരംഗത്ത് ഗവണ്മെന്റ് എന്നനിലയില്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആ കൂട്ടത്തില്‍ കോവിഡ്, നിപ പ്രതിരോധങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങള്‍കൂടി പരിഗണിച്ചതായാണ് അവാര്‍ഡ് കമ്മറ്റി അറിയിച്ചത്. എന്നാല്‍ ജ്യോതി ബസു പ്രധാനമന്ത്രിപദം നിരസിച്ചതുമായി ഇതിനെ താരതമ്യം ചെയ്യേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു.
2022ലെ റമണ്‍ മാഗ്സസെ പുരസ്കാരത്തിന് ശൈലജയുടെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍ പുരസ്കാരം അവര്‍ നിരസിക്കുകയായിരുന്നുവെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. സിപിഎം നിര്‍ദേശം അനുസരിച്ചായിരുന്നു അന്താരാഷ്ട്ര പുരസ്കാരം അവര്‍ നിരസിച്ചത്. കമ്മ്യൂണിസ്റ്റ് ഗറില്ലകള്‍ക്കെതിരേ പ്രവര്‍ത്തിച്ചയാളുടെ പേരിലുള്ള പുരസ്കാരം വാങ്ങുന്നത് അനുചിതമാണെന്ന് വിലയിരുത്തിയായിരുന്നു പാര്‍ട്ടി നടപടിയെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlights – KK Shailaja reacts to Magsaysay Award Controversy