‘ഇന്ധന നികുതി സംസ്ഥാനവും കുറച്ചു; ഇനി കുറയ്ക്കില്ല:’ കെ എന്‍ ബാലഗോപാല്‍
സംസ്ഥാനത്ത് ഇന്ധനനികുതി വീണ്ടും കുറയ്ക്കുന്നത് ആലോചനയിലില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം കുറച്ചതിന് ആനുപാതികമായി ഉണ്ടായ കുറവല്ല, മറിച്ച് സംസ്ഥാനവും ഇന്ധനനികുതി കുറച്ചതാണെന്നും ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനം ഇന്ധനനികുതി കൂട്ടിയിട്ടില്ലെന്നും, അതുകൊണ്ട് കേന്ദ്രം നികുതി കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്ക്കേണ്ടതില്ലെന്നുമുള്ള നിലപാടിലാണ് സര്‍ക്കാര്‍. 30 രൂപ കൂട്ടിയിട്ട് 8 രൂപ കുറച്ചത് വലിയ ഡിസ്കൗണ്ടായി കാണരുതെന്നും കെ എന്‍ ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ‘പത്തു പതിനെട്ട് തവണ’ കൂട്ടിയിട്ട് നാലുതവണയാണ് ഇന്ധനനികുതി കുറച്ചതെന്ന് പറഞ്ഞ ബാലഗോപാല്‍ ഇടതുസര്‍ക്കാര്‍ ഇന്ധനനികുതി കൂട്ടിയിട്ടില്ലെന്നും 2018ല്‍ കുറയ്ക്കുകയാണ് ചെയ്തെന്നും മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ നികുതി കുറച്ച കണക്ക് വിശദീകരിക്കണം എന്ന ആവശ്യവുമായി കേന്ദ്രമന്ത്രി വി മുരളീധരന് രംഗത്തെത്തി. ധൂര്‍ത്തുമൂലം കടക്കെണിയിലായ സംസ്ഥാന സര്‍ക്കാറിന് ഒരു രൂപാപോലും കുറയ്ക്കാന്‍ കഴിയുന്നില്ലെന്നതാണ് വാസ്തവം എന്ന് പറഞ്ഞ മുരളീധരന് ബാലഗോപാലിന്റെ കുസൃതികള്‍ മോദി സര്‍ക്കാരിനോട് വേണ്ടെന്നും കൂട്ടിചേര്‍ത്തു.
ശനിയാഴ്ച്ചയാണ് രാജ്യത്ത് പെട്രോളിന് 9.50 രൂപയും ഡീസലിന് 7 രൂപയും കുറച്ചത്. പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടിയില്‍ എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറവ് വരുത്തിയതോടെയാണ് ഇന്ധന വില കുറഞ്ഞത്. ധനമന്ത്രി നിര്‍മല സീതാരാമനാണ് വിലക്കുറവ് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയായിരുന്നു സംസ്ഥാനവും ഇന്ധനനികുതി കുറയ്ക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. കേന്ദ്രം നികുതി കുറച്ചതിനെ സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നും, ഇതിന്റെ ഭാഗമായി പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.36 രൂപയും സംസ്ഥാന സര്‍ക്കാരും കുറയ്ക്കുകയാണെന്നും ബാലഗോപാൽ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.
Content Highlight: K N Balagopal claims fuel tax drop is not the reflection of central tax deduction, but state action