ഇറച്ചിവെട്ടുയന്ത്രത്തിലെ സ്വർണക്കടത്ത്: സിനിമാ നിർമാതാവ് കെപി സിറാജുദ്ദീൻ കസ്റ്റഡിയിൽ
ഇറച്ചിവെട്ടുയന്ത്രത്തിൽ സ്വർണം കടത്തിയ കേസിൽ സിനിമാ നിർമാതാവ് കെ.പി. സിറാജുദ്ദീൻ കസ്റ്റഡിയിൽ. വിദേശത്തായിരുന്ന സിറാജുദ്ദീൻ നാട്ടിലെത്തിയതോടെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്.
ഏപ്രിൽ രണ്ടിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കാർഗോയായിൽ വന്ന ഇറച്ചിവെട്ട് യന്ത്രത്തിൽനിന്ന് രണ്ടരക്കിലോ സ്വർണം കസ്റ്റംസ് പിടികൂടിയത്. വിമാനത്താവളത്തിലെ പരിശോധന പൂർത്തിയാക്കി വാഹനത്തിൽ പുറത്തേക്ക് കൊണ്ടുപോകുമ്പോൾ വാഹനം തടഞ്ഞായിരുന്നു സ്വർണം പിടികൂടിയത്.
അന്വേഷണത്തിനിടെ തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും ലീഗ് നേതാവുമായ ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിൻ അടക്കം മൂന്നുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഷാബിനെയും കൂട്ടു പ്രതികളെയും ചോദ്യംചെയ്തപ്പോഴാണ് സിനിമാനിർമാതാവ് കെപി സിറാജുദ്ദീനാണ് ഗൾഫിൽനിന്ന് സ്വർണം അയച്ചതെന്ന് വ്യക്തമായത്. ചാർമിനാർ, വാങ്ക് തുടങ്ങിയ സിനിമകളുടെ നിർമാതാവാണ് സിറാജുദ്ദീൻ.
അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പല തവണ കസ്റ്റംസ് നോട്ടീസ് നൽകിയെങ്കിലും സിറാജുദ്ദീൻ എത്തിയിരുന്നില്ല. ഇയാളെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ കസ്റ്റംസ് ഊർജ്ജിതമാക്കിയതോടെ ചൊവ്വാഴ്ച സിറാജുദ്ദീൻ ചെന്നൈയിൽ വിമാനം ഇറങ്ങിയ ശേഷം നാട്ടിലേക്ക് വന്നു. തുടർന്നാണ് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്.