വൈദ്യുതി പോസ്റ്റ് തലയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു; കെഎസ്ഇബി കരാറുകാരൻ കസ്റ്റഡിയിൽ

വൈദ്യുതി പോസ്റ്റ് തലയില്‍ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബേപ്പൂര്‍ സ്വദേശി അർജുനാണ് മരിച്ചത് കോഴിക്കോട്-ബേപ്പൂർ പാതയിൽ നടുവട്ടത്ത് ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടമുണ്ടായത്.
സംഭവത്തിൽ നരഹത്യയ്ക്ക് കേസെടുത്ത ബേപ്പൂർ പൊലീസ് കെഎസ്ഇബി കരാറുകാരനെ കസ്റ്റഡിയിലെടുത്തു. ആലിക്കോയ എന്നയാളാണ് അറസ്റ്റിലായത്.
പുതിയ വൈദ്യുത പോസ്റ്റുകളിട്ട ശേഷം പഴയ ഉപയോഗശൂന്യമായ പോസ്റ്റുകൾ മാറ്റുകയായിരുന്നു കെഎസ്ഇബി കരാറുകാര്‍. പൊടുന്നനെ പഴയ പോസ്റ്റ് മറിഞ്ഞ് റോഡിലേക്ക് പതിച്ചു. സുഹൃത്തിനൊപ്പം ബൈക്കിൽ, വീട്ടിലേക്ക് പോവുകയായിരുന്നു അര്‍ജ്ജുന്റെ തലയ്ക്ക് മുകളിലേക്കാണ് പോസ്റ്റ് വീണത്. യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഗതാഗതം നിയന്ത്രിക്കാതെയും ശരിയായ രീതിയില്‍ കയറിട്ട് കെട്ടാതെയും പോസ്റ്റ് മുറിച്ചുമാറ്റിയതാണ് അപകടത്തിന് കാരണമെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. ബോര്‍ഡിന്റെ അറിവില്ലാതെയാണ് പോസ്റ്റ് നീക്കം ചെയ്തതെന്നും കരാറുകാരന്റെ വീഴ്ചയാണ് അപകടകാരണമെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞു..
അതേ സമയം, അർജുന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് കെഎസ്ഇബി ചെയർമാനെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതനിടെയാണ് അപകടമുണ്ടായത്. ജീവനക്കാരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായോ എന്ന് വ്യക്തമല്ല. കുറ്റക്കാരെങ്കിൽ നടപടി ഉണ്ടാകും. എല്ലാം അന്വേഷണത്തിൽ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.