ശമ്പളം മുടങ്ങി; പണിമുടക്ക് ഭീഷണി: കെഎസ്ആർടിസി പ്രതിസന്ധികളിൽ മുങ്ങുമ്പോൾ സിഎംഡി ബിജു പ്രഭാകര്‍ ആംസ്റ്റര്‍ഡാമിലേക്ക്
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ കെഎസ്ആര്‍ടിസി(KSRTC) നട്ടം തിരിയുമ്പോള്‍ സിഎംഡി ബിജു പ്രഭാകറിന്റെ (Biju Prabhakar) വിദേശയാത്ര വിവാദമാകുന്നു. യൂറോപ്പിലെ ബസുകളെയും പൊതുഗതാഗത സംവിധാനത്തെയും കുറിച്ച് പഠിക്കുന്നതിനാണ് ബിജു പ്രഭാകർ നെതർലാൻഡ്സിൻ്റെ തലസ്ഥാനമായ ആംസ്റ്റർഡാമിലേയ്ക്ക് പോകുന്നത്. മേയ് 11 മുതല്‍ 14 വരെയാണ് ബിജു പ്രഭാകറിൻ്റെ ആംസ്റ്റർഡാം സന്ദർശനം.
ആംസ്റ്റർഡാമിൽ വെച്ചുനടക്കുന്ന രണ്ടു സെമിനാറുകളിൽ അദ്ദേഹം പങ്കെടുക്കും. ‘ക്ളീൻ ബസസ് ഇൻ യൂറോപ്പ്’ എന്ന വിഷയത്തിൽ നടക്കുന്ന അഞ്ചാമത്തെ വാർഷിക സമ്മേളനത്തിലാണ് ആദ്യ രണ്ടുദിവസങ്ങളിൽ പങ്കെടുക്കുക. തുടർന്നുള്ള രണ്ടുദിവസങ്ങളിൽ ഗതാഗതസംവിധാനത്തെക്കുറിച്ചുള്ള പഠനത്തിലും അദ്ദേഹം പങ്കെടുക്കും.
വിദേശയാത്രയുടെ ചെലവിനായി വേണ്ടി ബിജു പ്രഭാകറിന് ഒരു ദിവസം 100 ഡോളര്‍ വീതം അനുവദിക്കുന്നതിന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ അടിയന്തിരമായി പരിഹരിക്കാൻ ബാധ്യതയുള്ള സിഎംഡി വിദേശയാത്ര നടത്തുന്നതിൽ തൊഴിലാളി യൂണിയനുകൾക്കടക്കം കടുത്ത അമർഷമുണ്ട്.
ശമ്പളം കൊടുക്കാന്‍ കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാരിനു മുന്നില്‍ കൈ നീട്ടേണ്ടി വരുമ്പോഴാണ് എംഡിയുടെ വിദേശയാത്ര എന്നതാണ് വിവാദത്തിനു വഴിമരുന്നിടുന്നത്. കഴിഞ്ഞമാസത്തെ ശമ്പളം നൽകിയത് ഈ മാസം 18-ാം തീയതിയാണ്. അടുത്ത മാസത്തെ ശമ്പളം എങ്ങനെ കണ്ടെത്തും എന്ന് കെഎസ്ആര്‍ടിസിയ്ക്ക് മുന്നില്‍ ചോദ്യചിഹ്നമാണ്. അടുത്ത മാസം അഞ്ചിന് മുൻപ് ശമ്പളം ലഭിച്ചില്ലെങ്കിൽ പണിമുടക്കിലേക്ക് പോകുമെന്നാണ് യൂണിയനുകള്‍ പറയുന്നത്. തുടർച്ചയായി ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് ഈ മാസം 28-ന് തൊഴിലാളി യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. ശമ്പളം നൽകുന്നത് വൈകിയാൽ സി.എം.ഡിയുടെ വിദേശയാത്ര വിവാദവിഷയമാകും.
ഇതിനിടെ ജീവനക്കാരുടെ ഡ്യൂട്ടി സമയം എട്ടുമണിക്കൂർ എന്നത് 12 മണിക്കൂർ ആയി ഉയർത്താനുള്ള എംഡിയുടെ നീക്കവും വിവാദമായിട്ടുണ്ട്. ഇത് കടുത്ത തൊഴിൽ ചൂഷണമാണെന്ന നിലപാടാണ് തൊഴിലാളി യൂണിയനുകൾക്കുള്ളത്.
ഇതിനിടെ ജീവനക്കാരുടെ ശമ്പളം കൊടുക്കല്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്തമല്ല എന്ന് മന്ത്രി ആന്റണി രാജു പ്രസ്താവന ഇറക്കിയത് കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പൊതുമേഖല സ്ഥാപനങ്ങള്‍ ശമ്പളത്തിനു തുക കണ്ടെത്തണം എന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. കെഎസ്ആര്‍ടിസിയുടെ കാര്യത്തില്‍ തനിക്കുള്ള ഉത്തരവാദിത്തം വിസ്മരിച്ച് കൊണ്ടാണ് മന്ത്രി പ്രസ്താവന നടത്തിയതെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. ഇക്കുറി സര്‍ക്കാരാണ് ശമ്പളത്തിനു കണ്ടെത്തേണ്ടി വന്ന തുകയില്‍ 30 കോടിയോളം തുക കെഎസ്ആര്‍ടിസിയ്ക്ക് നല്‍കിയത്. ഇത് ഓര്‍മ്മിപ്പിച്ച് കൊണ്ടാണ് ശമ്പളം നല്കല് സര്‍ക്കാരിന്റെ ചുമതല അല്ല എന്ന് മന്ത്രി പറഞ്ഞത്. ഗതാഗതമന്ത്രിയുടെ പ്രസ്താവന മന്ത്രിസഭയുടെ നിലപാടാണെന്ന് ധനമന്ത്രിയും പ്രഖ്യാപിച്ചിരുന്നു.
കെഎസ്ആര്‍ടിസി സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ്. ഒരു ദിവസം ശരാശരി അഞ്ചു കോടി കളക്ഷൻ വന്നാല്‍ ഡീസലും ലോണും കഴിഞ്ഞാല്‍ മാസം ബാക്കിവരുന്ന 22 കോടിയിൽ ശമ്പളം കൊടുക്കണം. ശമ്പളത്തിനു 80 കോടിയെങ്കിലും വേണം. സർക്കാർ കയ്യൊഴിഞ്ഞ സാഹചര്യത്തിൽ ശമ്പളപ്രതിസന്ധിയ്ക്ക് പരിഹാരം കാണേണ്ട സിഎംഡി ബിജു പ്രഭാകർ വിദേശയാത്ര നടത്തുന്നതാണ് കോർപ്പറേഷനുള്ളിൽ വിവാദമായിരിക്കുന്നത്.
Content Highlight: KSRTC MD Biju Prabhakar’s foreign trip amid crisis stirs controversy