KSRTC യിൽ മെയ് മാസത്തിലെ ശമ്പളം ലഭിക്കാത്ത 4,500 പേർ ; നാളെ ഗതാഗത മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച്
മാസാവസാനമായിട്ടും കെ എസ് ആർ ടി സിയിൽ ശമ്പളം ലഭിക്കാതെ 4500 ജീവനക്കാർ. മെക്കാനിക്കുകളും ദിവസവേതനക്കാരും ഇതിൽ ഉൾപ്പെടും. നാളെ ഗതാഗത മന്ത്രിയുടെ വസതിയിലേക്ക് എ ഐ ടി യു സി യുടെ നേതൃത്വത്തിൽ പട്ടിണി മാർച്ച് നടത്താനൊരുങ്ങുകയാണ് ജീവനക്കാർ.
മെക്കാനിക്, ദിവസവേതനക്കാർ, ചീഫ് ഓഫീസിലെ ഉദ്യോഗസ്ഥർ തുടങ്ങിയ ജീവനക്കാർക്കാണ് മേയ് മാസത്തെ ശമ്പളം ലഭിക്കാത്തത്. ഇതിനായി 16 കോടി രൂപ വേണം. സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കില്ലെന്ന് ഉറപ്പായിരിക്കെ ഇവർക്കുള്ള ശമ്പളം വിതരണം ഇനിയും വൈകുമെന്നാണ് സൂചന. മിനിസ്റ്റീരിയൽ വിഭാഗത്തിൽ വരുന്ന രണ്ടായിരത്തോളം ജീവനക്കാർക്ക് എട്ടു കോടി രൂപ മിച്ചം പിടിച്ച് ഇന്നലെ ശമ്പളം വിതരണം ചെയ്തു. ശമ്പളത്തിനായി പ്രക്ഷോഭം കടുപ്പിക്കാൻ തീരുമാനിച്ച ഇടതുസംഘടനയായ എ ഐ ടി യു സി നാളെ ഗതാഗതമന്ത്രിയുടെ വസതിയിലേക്ക് പട്ടിണി മാർച്ച് നടത്തും.
ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഡ്രൈവർ , കണ്ടക്ടർ തസ്തികളിലുള്ളവർക്കാണ് ആദ്യം ശമ്പളം നൽകിയത്. ശമ്പള വിതരണത്തിന് ശാശ്വത പരിഹാരം തേടി ഐ എൻ ടി യു സി, ബി എം എസ് യൂണിയനുകൾക്ക് ഭരണകക്ഷി യൂണിയനുകളായ സി ഐ ടിയുവും എ ഐ ടി യുവും സമരരംഗത്താണ്. അംഗീകൃത തൊഴിലാളി സംഘടനകളുമായി ഗതാഗതമന്ത്രിയുമായി നാളെ ചർച്ച നടത്തും. ചർച്ചയിൽ പരിഹാരം കണ്ടില്ലെങ്കിൽ നോട്ടിസ് നൽകി പണിമുടക്കിലേക്ക് പോകുമെന്നാണ് യൂണിയനകളുടെ മുന്നറിയിപ്പ്.
Content Highlights: Ksrtc Salary