ജലീലിൻ്റെ ബിനാമി മാധവൻ വാര്യരെന്ന് സ്വപ്ന; വല്ല കുഞ്ഞിപ്പോക്കരിൻ്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കിൽ കെണിഞ്ഞേനെയെന്ന് ജലീലിൻ്റെ മറുപടി
മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനിയുടെ ഉടമ മാധവ വാര്യര്‍ കെ.ടി.ജലീലി(KT Jaleel) ന്റെ ബിനാമിയാണെന്ന് കോണ്‍സുല്‍ ജനറല്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സ്വപ്ന സുരേഷ് (Swapna Suresh). കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് സ്വപ്നയുടെ ആരോപണം.
കോണ്‍സുല്‍ ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി. ജലീല്‍ 17 ടണ്‍ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചുവെന്നും മുംബൈയിലെ ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് വഴി കെടി ജലീല്‍ ഈന്തപ്പഴം ഇറക്കുമതി ചെയ്തെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിലെ കോൺസുലേറ്റുകളിലും ഇത്തരത്തിൽ ചരക്കുകൾ ഇറക്കുമതി ചെയ്തെന്നും അതിന് മാധവൻ വാര്യർ വഴി സഹായം നൽകാമെന്ന് ജലീലുമായി ധാരണയുണ്ടായിരുന്നുവെന്ന് കോൺസുലേറ്റ് ജനറൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന ആരോപിക്കുന്നു.
അതേസമയം തികഞ്ഞ പരിഹാസത്തോടെയാണ് കെ.ടി ജലീൽ സ്വപ്നയുടെ ആരോപണങ്ങളോട് പ്രതികരിച്ചത്. “തിരുനാവായക്കാരൻ മാധവ വാര്യരായത് നന്നായി. വല്ല കുഞ്ഞിപ്പോക്കരിൻ്റെയോ മറ്റോ പേര് പറഞ്ഞിരുന്നെങ്കിൽ കെണിഞ്ഞേനെ”യെന്നായിരുന്നു ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് 12.30ന് താൻ മാധ്യമങ്ങളെ കാണുമെന്നും അതോടെ നുണക്കഥകൾ ചീടുകൊട്ടാരം പോലെ തകർന്നടിയുമെന്നും ജലീൽ പറഞ്ഞു. ജോമോൻ പുത്തൻപുരക്കൽ രചിച്ച “ദൈവത്തിൻ്റെ സ്വന്തം വക്കീൽ” എന്ന പുസ്തകത്തിൻ്റെ പ്രകാശനത്തിന് ശേഷമായിരിക്കും ജലീൽ മാധ്യമങ്ങളെ കാണുന്നത്. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഹാളിലാണ് പ്രകാശനച്ചടങ്ങ്.