മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത് അവരുടെ ജോലിയുടെ ഭാഗം; ഇറക്കിവിടുമെന്ന് പറയുന്നത് പ്രതിപക്ഷനേതാവിൻ്റെ പദവിയ്ക്ക് യോജിക്കാത്ത പ്രവൃത്തി: വിഡി സതീശനെതിരെ പത്രപ്രവർത്തക യൂണിയൻ
വയനാട്ടില്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച നടപടിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷവിമരശനവുമായി കേരള പത്രപ്രവർത്തക യൂണിയൻ. വാർത്ത സമ്മേളനങ്ങളിൽ മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത് അവരുടെ ജോലിയുടെ ഭാഗമാണെന്നും ചോദ്യങ്ങൾ തനിക്ക് അനിഷ്ടമാവുമ്പോൾ അസംബന്ധം പറയരുതെന്നും വാർത്ത സമ്മേളനത്തിൽ നിന്നും ഇറക്കി വിടുമെന്നെല്ലാം പറയുന്നത് പ്രതിപക്ഷ നേതാവെന്ന ഉന്നത പദവിയിലിക്കുന്ന ഒരാൾക്ക് യോജിച്ചതല്ലെന്നും കെയുഡബ്ല്യുജെ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ദേശാഭിമാനി വയനാട് ജില്ലാ ബ്യൂറോക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കല്ലേറ് നടത്തിയ സംഭവത്തെയും കെയുഡബ്ല്യുജെ അപലപിച്ചു. വാർത്ത സമ്മേളനത്തിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നടപടിയും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണമെന്നും കെയുഡബ്ല്യുജെ ഭാരവാഹികൾ ആവശ്യപ്പെട്ടു.
കെയുഡബ്ല്യുജെയുടെ പ്രസ്താവനയുടെ പൂർണരൂപം
ദേശാഭിമാനി വയനാട് ജില്ലാ ബ്യൂറോക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കല്ലേറ് നടത്തിയ സംഭവത്തെ കേരള പത്ര പ്രവർത്തക യൂണിയൻ അപലപിച്ചു. പ്രകോപനപരമായി അസഭ്യമായ മുദ്രാവാക്യം വിളിച്ചാണ് വയനാട് ബ്യൂറോക്ക് നേരെ കല്ലേറ് നടത്തിയിരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. കല്ലേറ് നടത്തിയവരെ അറസ്റ്റ് ചെയ്യണം.
അത് പോലെ വാർത്ത സമ്മേളനത്തിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നടപടിയും അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വാർത്ത സമ്മേളനങ്ങളിൽ മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത് അവരുടെ ജോലിയുടെ ഭാഗമാണ്. ചോദ്യങ്ങൾ തനിക്ക് അനിഷ്ടമാവുമ്പോൾ അസംബന്ധം പറയരുതെന്നും വാർത്ത സമ്മേളനത്തിൽ നിന്നും ഇറക്കി വിടുമെന്നെല്ലാം പറയുന്നത് പ്രതിപക്ഷ നേതാവെന്ന ഉന്നത പദവിയിലിക്കുന്ന ഒരാൾക്ക് യോജിച്ചതല്ല. മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച് പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ. പി ജിയും ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.