കെവി തോമസിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി; എഐസിസി അനുമതിയോടെയെന്ന് കെ സുധാകരൻ
മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി. പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് കെപിസിസി പുറത്തിറക്കിയെന്ന് അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു. എ സി സിസിയുടെ അനുമതിയോടെയാണ് പുറത്താക്കിയതെന്നും സുധാകരൻ പറഞ്ഞു.
തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെത്തിയതിന് പിന്നാലെയാണ് കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുന്നത്. എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെവി തോമസ് ഇന്ന് ഇടത് മുന്നണിയുടെ വേദിയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കെ വി തോമസിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്.
താൻ തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാർത്ഥിയ്ക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് കെവി തോമസ് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. അതേസമയം താൻ കോൺഗ്രസുകാരനായി തുടരുമെന്നും തോമസ് പറഞ്ഞിരുന്നു. ഇന്ന് തൃക്കാക്കരയിൽ നടക്കുന്ന ഇടതുമുന്നണിയുടെ കണ്‍വെൻഷനിൽ പങ്കെടുക്കുന്ന കാര്യവും അദ്ദേഹം പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു.
ഇടതുമുന്നണിയുടെ വേദിയിലെത്തിയ കെ വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. ഇന്ത്യയെ നയിക്കാന്‍ കഴിവുള്ള വ്യക്തിയാണ് മുഖ്യമന്ത്രിയെന്ന് കെ വി തോമസ് കണ്‍വെന്‍ഷനില്‍ പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് കെ റെയില്‍ ആവശ്യമാണ്. ഇത്തരം പദ്ധതികൾ വരുമ്പോൾ പ്രതിസന്ധികൾ സാധാരണമാണ്. ഈ പ്രതിസന്ധി മറികടക്കാനുള്ള കരുത്ത് പിണറായി വിജയനുണ്ടെന്നും കെ വി തോമസ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
Content Highlight: KV Thomas Expelled from Congress Party