ഭൂമി കൈയേറ്റം; മാത്യു കുഴല്‍നാടനെതിരെ റവന്യൂ വകുപ്പ് കേസെടുത്തു
ചിന്നക്കനാലില്‍ പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണത്തില്‍ മാത്യു കുഴല്നാടൻ എംഎല്‍എക്കെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്. ആധാരത്തിനേക്കാള്‍ 50 സെന്റ് സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. ഹിയറിങ്ങിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി കുഴല്നാടന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ചിന്നക്കനാലിലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് 50 സെന്റോളം സര്‍ക്കാര്‍ ഭൂമി മാത്യു കുഴല്നാടന് കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് വിഭാഗം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇഅതിനെ തുടർന്ന് ഈ കണ്ടെത്തല്‍ ശരിവെച്ച് ഉടുമ്ബന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാർ ഇടുക്കി ജില്ല കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്കി. മാത്യു കുഴല്നാടന് ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവെച്ചും തുടര്‍നടപടി ആവശ്യപ്പെട്ടുമാണ് റിപ്പോര്‍ട്ട് നല്‍കിയത്.
മൂന്ന് ആധാരങ്ങളിലായി ഒരു ഏക്കര്‍ 21 സെന്റ് സ്ഥലം വാങ്ങിയെന്നായിരുന്നു കുഴല്‍നാടന്റെ മൊഴി. എന്നാല്‍, വില്ലേജ് സർവേയര്‍ സ്ഥലം അളന്ന ഘട്ടത്തില്‍ പട്ടയത്തിലുള്ളതിനെക്കാള്‍ സര്‍ക്കാര്‍ വക 50 സെന്റ് അധിക ഭൂമി കുഴല്‍നാടന്റെ പക്കലുള്ളതായാണ് കണ്ടെത്തല്‍. ചിന്നക്കനാലിലെ മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടന്നു വരുന്നതിനിടെയാണ് ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് തുടര്‍നടപടി ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ആവശ്യപ്പെട്ടത്.