വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ അതിരൂപത പള്ളികളില്‍ വീണ്ടും ഇടയലേഖനം
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ അതിരൂപത പള്ളികളില്‍ വീണ്ടും സര്‍ക്കുലര്‍. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിലാണ് ഇടയലേഖനം വായിച്ചത്. നിര്‍മാണം നിര്‍ത്തിവെച്ച് പഠനം നടത്തണമെന്നും തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് ഇടയലേഖനത്തിലെ ആവശ്യം. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരണമെന്നും ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോയുടെ സര്‍ക്കുലറില്‍ പറയുന്നു.
മത്സ്യത്തൊഴിലാളികള്ക്കെതിരായി കോടതി ഉത്തരവ് നേടിയെടുക്കാന്‍ അദാനി ഗ്രൂപ്പിന് അധികാരികള്‍ കൂട്ടുനിന്നെന്ന വിമര്‍ശനവും ഇടയലേഖനം ഉന്നയിക്കുന്നുണ്ട്. തീരശോഷണത്തില്‍ വീട് നഷ്ടപെട്ടവരെ വാടക നല്കി മാറ്റി പാര്‍പ്പിക്കണം. മതിയായ നഷ്ടപരിഹാരം നല്കി ഇവരെ പുനരധിവസിപ്പിക്കണം. മണ്ണെണ്ണ വില വര്‍ധന പിന്‍വലിപ്പിക്കാന്‍ ഇടപെടണം, തമിഴ്നാട് മാതൃകയില്‍ മണ്ണെണ്ണ നല്‍കണം, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മൂലം കടലില്‍ പോകാനാകാത്ത ദിവസങ്ങളില്‍ മിനിമം വേതനം നല്‍കണം, മുതലപ്പൊഴി ഹാര്‍ബറിന്റെ അശാസ്ത്രീയ നിര്‍മാണം മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നീ ആവശ്യങ്ങളും സര്‍ക്കുലറിലുണ്ട്.
ഈ വിഷയങ്ങളില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും അധികാരികളില്‍ നിന്ന് കൃത്യമായി മറുപടി കിട്ടിയിട്ടില്ലെന്നും സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു.
Content Highlights – Latin Archdiocese again writes pastoral letter against the construction of Vizhinjam port