ലെയ്സ് പാക്കറ്റിന് തൂക്കക്കുറവ്; പിഴയിട്ട് സംസ്ഥാന ലീഗല്‍ മെട്രോളജി വകുപ്പ്
സംസ്ഥാനത്ത് വില്പനയ്ക്ക് വെച്ച ലെയ്സ് പാക്കറ്റിന് തൂക്കക്കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് കമ്പനിക്ക് പിഴയിട്ട് ലീഗല്‍ മെട്രോളജി വകുപ്പ്. തൃശൂര്‍ ലീഗല്‍ മെട്രോളജി ഫ്ളയിങ് സ്ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളറാണ് ലെയ്സിന്റെ ഇന്ത്യയിലെ ഉടമകളായ പെപ്സികോ ഇന്ത്യ ഹോള്‍ഡിങ്സ് ലിമിറ്റഡിന് പിഴ ചുമത്തിയത്. പാക്കറ്റില്‍ പ്രിന്റ് ചെയ്തിരിക്കുന്ന തൂക്കം ഇല്ലാത്തതിനാലാണ് പിഴ. 85,000 രൂപയാണ് പിഴയായി നല്‍കണമെന്നാണ് നിര്‍ദേശം.
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സോഷ്യല്‍ ജസ്റ്റിസ് പ്രസിഡന്റ് പി ഡി ജയശങ്കറിന്റെ പരാതിയിലാണ് ലെയ്സിനെതിരെ നടപടി. 115 ഗ്രാം തൂക്കമെന്നാണ് പാക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ട മൂന്ന് പാക്കറ്റുകളിലെ തൂക്കം 50.93 ഗ്രാം, 72.73 ഗ്രാം, 86.38 ഗ്രാം എന്നിങ്ങനെയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. കാഞ്ഞാണിയിലെ തൃശൂര്‍ താലൂക്ക് ചെത്തുതൊഴിലാളി സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയിലാണ് തൂക്കം കുറവുള്ള ലെയ്സ് പിടികൂടിയത്.
ഉരുളക്കിഴങ്ങ് ചിപ്സ് ബ്രാന്‍ഡായ ലെയ്സിന്റെ പാക്കറ്റില്‍ കാറ്റാണ് കൂടുതല്‍ എന്ന പരാതി വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് പാക്കറ്റില്‍ ചിപ്സ് കുറവാണെന്ന കാര്യം സംസ്ഥാന ലീഗല്‍ മെട്രോളജി വകുപ്പു തന്നെ സ്ഥിരീകരിക്കുന്നത്.
Content Highlight: Lays Chips, State Legal Metrology Dept, PepsiCo Fined