എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ല, യുഡിഎഫ് ജയത്തിനു പിന്നില്‍ സഹതാപ തരംഗം: എംവി ഗോവിന്ദന്
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഉമ്മന്‍ചാണ്ടി മരിച്ചതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ നല്ല രീതിയിലുള്ള സഹതാപം വിജയത്തിന് കാരണമായതായും ഗോവിന്ദന് പറഞ്ഞു.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 36,667 വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചിരുന്നത്. 2016ലെ തെരഞ്ഞടുപ്പില്‍ 44,505 വോട്ടാണ് ലഭിച്ചത് ജെയ്കിന് ലഭിച്ചത്. ഇത്തവണ 42,000ലധികം വോട്ട് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് വ്യക്തമാക്കുന്നത് എല്‍ഡിഎഫിന്റെ അടിത്തറയില്‍ കാര്യമായ ഒരുമാറ്റവും സംഭവിച്ചിട്ടില്ലെന്നതാണ്. സഹതാപ തരംഗം ഉണ്ടായ തെരഞ്ഞെടുപ്പില്‍ മരണാനന്തരച്ചടങ്ങുപോലും വോട്ടിങ് സമയത്താണ് നടന്നത്. സഹതാപം നല്ല രീതിയില്‍ ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഇത്തവണ 42,000 വോട്ട് ലഭിച്ചത് എല്‍ഡിഎഫിന്റെ മികവുറ്റ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും ഗോവിന്ദന് പറഞ്ഞു.