മധുവിന്റെ കൊലപാതകം- നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി സഭയിൽ
അട്ടപ്പാടിയിലെ മധുവധക്കേസിൽ നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കാൻ സാധ്യമായത് ചെയ്യും.സാക്ഷികൾക്ക് ആവശ്യമായ സംരക്ഷണം നൽകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പൊലീസ്, കേസുമായി സഹകരിച്ചില്ലെന്നും പൊലീസിന്റെയും സർക്കാറിന്റെയും ഭാഗത്ത് നിന്ന് അന്വേഷണ ഘട്ടത്തിൽ പോലും ഗുരുതര വീഴ്ച്ച സംഭവിച്ചെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. എന്നാൽ, പൊലീസ് കേസിൽ കൃത്യമായി ഇടപെട്ടത് കൊണ്ടാണ് പ്രതികളുടെ ജാമ്യം റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വിചാരണ നടപടികൾ പുരോഗമിക്കവേ സാക്ഷികൾ വ്യപകമായി കൂറുമാറുന്നത് കേസിനെ കാര്യമായി ബാധിക്കുന്നു എന്നതാണ് ചോദ്യോത്തര വേളയിൽ ഉയർന്നുവന്ന പ്രധാന ആശങ്ക. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെല്ലാം സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.