മഹാത്മാ അയ്യൻകാളി, ജാതീയതയെ കടപുഴക്കിയ കൊടുങ്കാറ്റ്; ഇപ്പോളും ജാതി പറയുന്ന, ജാതി വാഴുന്ന കേരളത്തിൽ വേടന് എന്തിനാണ് അയിത്തം??

കേരളം എന്നും ബഹുമാനത്തോടെ മാത്രം ഓർമ്മിക്കേണ്ട മഹാനായ അയ്യങ്കാളിയുടെ ജന്മവാര്‍ഷികമാണ് നാളെ ആഘോഷിക്കുന്നത്. ഇന്നീ കാണുന്ന നിലയിലേക്ക് കേരളത്തെ മാറ്റിയെടുക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ആർക്കും മറക്കാവുന്ന ഒന്നല്ല. പൊതു ഇടങ്ങളുടെ ജനാധിപത്യ വത്കരണത്തിനും അയിത്തജാതിക്കാരുടെ അവകാശം സ്ഥാപിച്ചെടുക്കുന്നതിനും വേണ്ടി അയ്യന്‍കാളി നടത്തിയ ഇടപെടലുകള്‍ക്ക് ലോക ചരിത്രത്തില്‍ തന്നെ സമാനതകളില്ല.
സഞ്ചാരസ്വാതന്ത്ര്യം, വിദ്യാഭ്യാസ അവകാശം, ചന്തകളില്‍ പ്രവേശിക്കാനുള്ള അവകാശം, വസ്ത്രധാരണത്തിനുള്ള സ്വാതന്ത്ര്യം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം തുടങ്ങി ആധുനിക പൗരസമൂഹം വിലപ്പെട്ടതെന്നും അഭിമാനകരമെന്നും കരുതുന്ന അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയാണ് അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ പ്രയത്നിച്ചത്.
നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ വേണ്ടി നടത്തിയ ഇടപെടലുകളും പോരാട്ടങ്ങളും നവോത്ഥാന കാലഘട്ടത്തെ പ്രകമ്പനം കൊള്ളിച്ചിരുന്നു. വില്ലുവണ്ടി യാത്രയും ബാലരാമപുരത്തെ ചാലിയത്തെരുവ് സംഘട്ടനവും മണക്കാട് സംഘര്‍ഷവും ഉണ്ടായത്, പൊതുവഴികള്‍ അയിത്തജാതിക്കാര്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന പ്രഖ്യാപനം കാരണമായിരുന്നു.
വസ്ത്രധാരണത്തെയും പ്രതിഷേധത്തിനും അവകാശ പ്രഖ്യാപനത്തിനുമുള്ള ഒരു ഉപകരണമാക്കി അയ്യൻകാളി മാറ്റി. ദിവാന്റെ വസ്ത്രധാരണത്തിന് സമാനമായ രീതിയില്‍ ആണ് അദ്ദേഹവും വസ്ത്രം ധരിച്ചതും, തലപ്പാവ് കെട്ടിയതും കാതില്‍ കടുക്കന്‍ ഇട്ടതും.
അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നിഷേധിച്ചാല്‍ അത് പിടിച്ചുവാങ്ങണമെന്നും പ്രതികരിക്കണമെന്നുമുള്ള പൊതുധാരണ അയിത്തജാതിക്കാരിൽ ഉണ്ടാകുന്നത് തന്നെ അയ്യങ്കാളിയുടെ ഈ നീക്കത്തിലൂടെയാണ്. പൊതുവഴിയിലൂടെ സഞ്ചരിച്ചാല്‍ മേല്‍ജാതിക്കാരുടെ ആക്രമണം ഉറപ്പായിരുന്നു. അത് മറികടക്കാന്‍ മഹാരാജാവിന്റെ ചിത്രം തലയില്‍വെച്ച് പുത്തരിക്കണ്ടം വഴി കിഴക്കേകോട്ടയിലേക്ക് നടത്തിയ യാത്ര ഒരു പുത്തൻ സമര മാർഗമായിരുന്നു.
കേരളത്തിലെ കർഷക തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്ക് സമരം കൂലി വധിപ്പിക്കാൻ വേണ്ടി അല്ലായിരുന്നു. പകരം അക്ഷരത്തിനു വേണ്ടിയായിരുന്നു ആ സമരം. സര്‍ക്കാര്‍ ഉത്തരവ് ഉണ്ടായിട്ടും അയിത്തജാതി കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശനം അപ്രാപ്യമായിതന്നെ തുടര്‍ന്നപ്പോള്‍ ചരിത്രത്തില്‍ അതുവരെ കേട്ടുകേള്‍വി ഇല്ലാതിരുന്ന കാര്‍ഷിക പണിമുടക്കിന് അയ്യങ്കാളി തയ്യാറായി. ‘ഞങ്ങടെ ക്ടാത്തന്മാരെ പഠിപ്പാന്‍ സമ്മതിച്ചില്ലേല് ഇക്കാണായ പാടങ്ങളില്ലെല്ലാം മുട്ടിപുല്ല് മുളപ്പിക്കും’ എന്ന അയ്യന്‍കാളിയുടെ പ്രഖ്യാപനം സംഘടിത തൊഴിലാളി പ്രസ്ഥാനം എന്ന ആശയം രൂപം കൊള്ളുന്നതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. അതോടെ കേരളമാകെ കർഷക സമരം പൊട്ടി പുറപ്പെട്ടു. 1914 ൽ ദളിതർക്ക് സ്കൂൾ പ്രവേശന ഉത്തരവ് തിരുവതാംകൂർ മഹാരാജാവ് പുറപ്പെടുവിച്ചു.
ഇതൊന്നും കേരളം മറക്കരുത്. ഇപ്പോൾ വേടൻ എല്ലാത്തിനും ജാതി പറയുന്നു, അങ്ങനെ സഹതാപം പിടിച്ച് പറ്റുന്നു എന്നൊക്കെയാണ് ആക്ഷേപം. വേടൻ എവിടെയാണ് ജാതി ഉപയോഗിച്ചത് എന്ന് മനസിലാകുന്നില്ല. ഞാൻ പാണൻ അല്ല പുലയൻ അല്ല പറയനല്ല നീ തമ്പുരാനും അല്ല, എന്നാണ് അയാൾ പാടുന്നത്.
ജാതി വ്യവസ്ഥ നിലനിൽക്കുന്ന ഈ നാട്ടിൽ തമ്പുരാൻ ചമയുന്നവരോട് ആണ് അയാളത് പറയുന്നത്. എല്ലാവരും ഒരുപോലെയാണെന്നും, ഇനി ചിലർക്ക് തങ്ങൾ മുകളിൽ ആണെന്ന് തോന്നുന്നുവെങ്കിൽ അങ്ങനെയുള്ളവരോട് ഒരു പുല്ലും ഇല്ല എന്നാണ് വേടൻ പറഞ്ഞത്.
വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും വിളിച്ച് കൂവുന്ന ജാതി കാണാത്തവർ, കേൾക്കാത്തവർ വേടൻ പറയുന്നത് മാത്രം കാണുന്നു കേൾക്കുന്നു. എസ്സെൻ കോളേജുകളും NSS കോളേജുകളും നിറയെ ഉള്ള കേരളത്തിൽ ജാതി ഇല്ലെന്നാണ് ചിലർ പറയുന്നത്. SC ST യെക്കാൾ കൂടുതൽ സംവരണം SNDP ക്ക് കിട്ടുന്ന നാട്ടിൽ വേടൻ ജാതി പറയുന്നതാണ് പ്രശ്നം.
സ്വന്തം കാര്യം കാണുവാൻ വേണ്ടിയല്ല വേടൻ പാട്ടിലൂടെ ഇത് പറയുന്നത്. തനിക്ക് ചുറ്റുമുള്ള കുറെ പേരുടെ വേദനയാണ് അയാൾ വിളിച്ച് പറയുന്നത്. ആ വരികൾ ആർക്കെങ്കിലും പൊള്ളൽ ഉണ്ടാക്കുന്നെങ്കിൽ അതാണ് അയാളുടെ വിജയവും. മഹാത്മാ അയ്യൻകാളിയുടെ ജന്മദിനത്തിൽ വേടൻറെ പേര് കൂടെ ഇത്തവണ ചേർത്ത് വെക്കുന്നു. മഹാഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ ഒരാളെ, അയാളുടെ ആശയങ്ങളെ ഇല്ലാതാക്കാം എന്ന് കരുതുന്നവരുടെ മുന്നിലേക്ക് വില്ലുവണ്ടിയിൽ, തലപ്പാവ് വെച്ച് തന്നെ വേടൻ തിരികെ വരണം.