മലപ്പുറത്ത് ഇന്നോവയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ച സംഭവം; കാറോടിച്ചയാള്‍ അറസ്റ്റില്‍
മലപ്പുറം, കുറ്റിപ്പുറത്ത് തെറ്റായ ദിശയില്‍ അമിത വേഗത്തിലെത്തിയ ഇന്നോവയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ച സംഭവത്തില്‍ കാറോടിച്ചയാള്‍ അറസ്റ്റില്‍. പട്ടാമ്പി കാരക്കാട് കുന്നംകുളത്തിങ്കല്‍ ബഷീര്‍ ആണ് അറസ്റ്റിലായത്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമായരീതിയില്‍ വാഹനമോടിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് സൂചനയുള്ളതായി പോലീസ് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അമിത വേഗതയിലെത്തിയ കാര്‍ സ്കൂട്ടറില്‍ ഇടിക്കുകയും സ്കൂട്ടര്‍ യാത്രക്കാര്‍ തെറിച്ചു പോകുകയുമായിരുന്നു. സ്കൂട്ടര്‍ ഓടിച്ച പുത്തനത്താണി കരിങ്കപ്പാറ സ്വദേശി അബ്ദുള്‍ ഖാദര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. അപകടത്തില്‍ ഖാദറിന്റെ ഭാര്യ റുഖിയ പത്തടിയോളം ഉയരത്തില്‍ തെറിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവര്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അപകടമുണ്ടാക്കിയ കാര്‍ സ്കൂട്ടറിലിടിച്ച ശേഷം മതിലിലിടിച്ച് തലകീഴായി മറിഞ്ഞതിന് ശേഷമാണ് നിന്നത്. അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന ബഷീറിനും ഭാര്യയ്ക്കും നിസാര പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ഐനില്‍ ജോലിചെയ്തിരുന്ന അബ്ദുള്‍ ഖാദര്‍ ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്.