ബെംഗളൂരുവിൽ ജോലി വാഗ്ദാന തട്ടിപ്പിൽ കുടുങ്ങി വീണ്ടും മലയാളികൾ
ബെംഗളൂരുവിൽ ജോലി വാഗ്ദാനം ചെയ്ത് മലയാളികളിൽ നിന്ന് പണം തട്ടുന്ന സംഭവങ്ങൾ തുടരുന്നു. മാസങ്ങൾക്ക് മുമ്പ് സമാന സംഭവം ബെംഗളൂരുവിൽ ഉണ്ടായിട്ടുണ്ടെങ്കിലും വീണ്ടും പറ്റിക്കപ്പെടാൻ നിന്നു കൊടുക്കുകയാണ് മലയാളികൾ.
രാജാജിനഗറിലെ സ്വകാര്യ ഏജൻസിക്കെതിരെ പരാതിയുമായി എത്തിയത് 3 കാസർകോട് സ്വദേശികളാണ്. കെഎംസിസിയുടെ ഇടപെടലോടെ ഇവർക്ക് പണം തിരികെ കിട്ടി. ഓൺലൈൻ ആപ്പ് ഉപയോഗിച്ച് പ്രമുഖ വാഹന നിർമ്മാണ കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടന്നത്. പ്ലസ്ടു യോഗ്യതയുള്ളവർക്ക് 25,000 രൂപ വരെ ശമ്പളം, സൗജന്യ താമസം, ഭക്ഷണം എന്നിവയായിരുന്നു തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം.
അഭിമുഖം നടത്തിയതിനു ശേഷം ജോലി ലഭിച്ചതായി ധരിപ്പിച്ച് 3000 രൂപ റിക്രൂട്ടിംഗ് ഫീസ് കൈപ്പറ്റി. തമിഴ്നാട് അതിർത്തിയിലുള്ള കമ്പനിയിലേക്ക് ബസ് കയറ്റി വിടുകയായിരുന്നു. ഇവർ പറഞ്ഞ സ്ഥലത്ത് എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസ്സിലായത്. ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ മറുപടി ഭീഷണിയായിരുന്നു. തുടർന്ന് കെഎംസിസി പ്രവർത്തകർ ഇടപെട്ടതോടെ പൈസ മടക്കി നൽകാൻ ഏജൻസി തയ്യാറാക്കുകയായിരുന്നു. പണം തിരിച്ചു ചോദിക്കുന്ന ഉദ്യോഗാർത്ഥികളെ കയ്യേറ്റം ചെയ്യുന്നത് അടക്കം മുൻപ് ഉണ്ടായിട്ടുണ്ട്.