തിരുവനന്തപുരത്ത് ഇരട്ടക്കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു; രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരത്ത് ഇരട്ടക്കൊല്ലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേര് പിടിയില്‍. 2011ലെ വഴയില ഇരട്ടക്കൊലക്കേസ് പ്രതി വിഷ്ണുവാണ് (മണിച്ചന്) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ദീപക് ലാല്‍, അരുണ്‍ ജി. രാജീവ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വഴയിലയിലെ ഒരു ലോഡ്ജില്‍ മദ്യപിക്കുന്നതിനിടെ പ്രതികള്‍ മണിച്ചനെ വെട്ടുകയായിരുന്നു.
മണിച്ചനൊപ്പമുണ്ടായിരുന്ന തിരുമല സ്വദേശി ഹരികുമാറിനും വെട്ടേറ്റു. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. വെട്ടേറ്റ ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മൂന്നു മണിയോടെ മണിച്ചന് മരിച്ചു. ആക്രമണത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
ഇരട്ടക്കൊലയുമായി സംഭവത്തിന് ബന്ധമുണ്ടോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇതുകൂടാതെ മറ്റു നിരവധി കേസുകളില്‍ പ്രതിയാണ് മണിച്ചന്. തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണങ്ങള്‍ തലപൊക്കിത്തുടങ്ങുകയാണ്. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മാത്രം 21 ഗുണ്ടാ ആക്രമണങ്ങളാണ് തലസ്ഥാനത്ത് നടന്നത്.
Content Highlight: Murder, Thiruvananthapuram, Kappa, Goon Attack