മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ; കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹർജിയിലാണ് നോട്ടീസ്. ഹർജി ഈ മാസം 30 ന് പരിഗണിക്കും. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ കോഴ നൽകിയെന്നാണ് കേസ്.
സുരേന്ദ്രനെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കിയ സെഷൻസ് കോടതി വിധിയിൽ പിഴവുണ്ടെന്നും നിയമ വിരുദ്ധമാണ് എന്നുമാണ് അപ്പീലിൽ സർക്കാരിന്റെ വാദം.പൊലീസ് നൽകിയ തെളിവുകൾ പരിശോധിക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തത്. പ്രതി നൽകിയ സാക്ഷിമൊഴി മാത്രം പരിഗണിച്ചാണ് കോടതിയുടെ നടപടി. തെളിവായി സ്വീകരിക്കാൻ കഴിയാത്ത രേഖകൾ പരിഗണിച്ചാണ് സെഷൻസ് കോടതിയുടെ നടപടി.