സിപിഎം പ്രവർത്തകരുടെ കൊലപാതകം; മുസ്ലീം ലീഗ് നേതാവുൾപ്പടെ 25 പേർക്ക് ജീവപര്യന്തം
മണ്ണാർക്കാട് കല്ലാംകുഴി ഇരട്ടക്കൊലക്കേസിൽ 25 പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷവിധിച്ച് വിചാരണക്കോടതി. മണ്ണാർക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ സിപിഐഎം പ്രവർത്തകരും സഹോദരങ്ങളുമായ പള്ളത്ത് നൂറുദ്ദീൻ (40), ഹംസ (കുഞ്ഞുഹംസ 45) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് മുസ്ലിം ലീഗ് നേതാവായ പഞ്ചായത്ത് മുന് വൈസ് പ്രസിഡൻ്റായ ഉൾപ്പടെയുള്ള പ്രതികൾക്ക് ശിക്ഷ ലഭിച്ചത്.
2013 നവംബർ 21-നാണ് എപി സുന്നി വിഭാഗത്തിൽപ്പെട്ടവരും സിപിഎം പ്രവർത്തകരുമായ നൂറുദ്ദീനെയും കുഞ്ഞു ഹംസയെയും അക്രമികൾ കൊലപ്പെടുത്തിയത്. രാഷ്ട്രീയ, വ്യക്തിവിരോധവും ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കവുമാണ് കൊലയ്ക്ക് കാരണം എന്നായിരുന്നു അന്വേഷണസംഘത്തിൻ്റെ കുറ്റപത്രത്തിലുണ്ടായിരുന്നത്.
ഒരു സംഘടനയ്ക്കുവേണ്ടി പണപ്പിരിവു നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേയ്ക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട ഹംസ, പണപ്പിരിവു ചോദ്യം ചെയ്തു കോടതിയെ സമീപിക്കുകയും പണപ്പിരിവ് തടഞ്ഞുകൊണ്ടുള്ള കോടതിവിധി സമ്പാദിക്കുകയും ചെയ്തിരുന്നു. പിരിവിനെതിരെ ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ പൊതുയോഗം നടത്തിയതോടെയാണ് പ്രശ്നത്തിനു രാഷ്ട്രീയമാനം കൈവരുന്നത്. തുടർന്ന് ലീഗ് നടത്തിയ പ്രകടനത്തിനിടെ സംഘർഷമുണ്ടാകുകയും ഡിവൈഎഫ്ഐ പ്രവർത്തകർക്കു പരുക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കുശേഷം വീട്ടിൽ കൊണ്ടുപോകുന്ന വഴിയിൽ നൂറുദ്ദീനും ഹംസയ്ക്കും നേരെ ആക്രമണമുണ്ടാകുകയും അവർ കൊല്ലപ്പെടുകയും ചെയ്തു.
കൊല്ലപ്പെട്ടവരുടെ മൂത്ത സഹോദരൻ കുഞ്ഞുമുഹമ്മദിനും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിരുന്നു. കുഞ്ഞുമുഹമ്മദായിരുന്നു കേസിലെ നിർണായകസാക്ഷി. കേസിൽ 27 പേരെയായിരുന്നു പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. തൊണ്ണൂറിലേറെ സാക്ഷികളെയാണ് വിസ്തരിച്ചത്.
സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് 1998-ൽ പാലയ്ക്കാ പറമ്പിൽ മുഹമ്മദ് കൊല്ലപ്പെട്ട കേസിൽ പ്രതികളായിരുന്നു കൊല്ലപ്പെട്ട നൂറുദ്ദീനും ഹംസയും. വർഷങ്ങൾക്ക് ശേഷം പള്ളിയിൽ പണിപ്പിരിവുമായി ഉണ്ടായ തർക്കം വീണ്ടും എതിർവിഭാഗത്തിൻ്റെ പ്രകോപനത്തിന് കാരണമായെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ചോലാട്ടിൽ സീദ്ദീഖ് ആയിരുന്നു കേസിലെ ഒന്നാംപ്രതി. കേസിൽ ആകെ 90സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. കേസിൽ അറസ്റ്റിലായവരെല്ലാം മുസ്ലീംലീഗ് പ്രവർത്തകരോ അവരോട് അടുപ്പമുള്ളവരോ ആയിരുന്നു. ഇരട്ടക്കൊല കേസിൽ ആകെ 27 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ വിചാരണ തീരും മുൻപേ മരിച്ചു. പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്ത ആളായിരുന്നു. ഇയാളുടെ വിചാരണ ജുവൈനൽ കോടതിയിൽ തുടരുകയാണ്.
Content Highlight: Mannarkkad Double Murder Case: 25 including IUML leader sentenced to life