മേയര്‍-എംഎല്‍എ വിവാഹം സെപ്റ്റംബര്‍ 4ന്; ക്ഷണക്കത്തുമായി സിപിഎം ജില്ലാ കമ്മിറ്റികള്‍
തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന് ദേവുമായുള്ള വിവാഹത്തിന് ക്ഷണക്കത്തുമായി സിപിഎം ജില്ലാക്കമ്മിറ്റികള്‍. പാര്‍ട്ടിയുടെ തിരുവനന്തപുരം ജില്ലാക്കമ്മിറ്റിയും കോഴിക്കോട് ജില്ലാക്കമ്മിറ്റിയുമാണ് ക്ഷണക്കത്ത് പുറത്തിറക്കിയത്. തിരുവനന്തപുരം കോര്പറേഷന് മേയറും ചാല ഏരിയ കമ്മിറ്റി അംഗവുമായ ആര്യ രാജേന്ദ്രന്റെ വിവാഹത്തിന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പേരിലാണ് ക്ഷണക്കത്ത്. സെപ്റ്റംബര്‍ 4ന് തിരുവനന്തപുരം എകെജി ഹാളില്‍ വെച്ചാണ് വിവാഹം.
വിവാഹത്തിനും സെപ്റ്റംബര്‍ 6ന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന സൗഹൃദ വിരുന്നിലേക്കും ക്ഷണിച്ചുകൊണ്ടാണ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ കത്ത്. പാര്‍ട്ടി കോഴിക്കോട് ജില്ലാക്കമ്മിറ്റിയംഗം കൂടിയാണ് സച്ചിന് ദേവ് എംഎല്‍എ. ജില്ലാ സെക്രട്ടറി പി മോഹനന് മാസ്റ്ററുടെ പേരിലാണ് ക്ഷണം. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യാ രാജേന്ദ്രന്. തിരുവനന്തപുരം ഓള് സെയിന്റ്സ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ 21-ാം വയസിലാണ് ആര്യ തെരഞ്ഞെടുക്കപ്പെട്ടത്.
കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. ബാലസംഘം, എസ്എഫ്ഐ പ്രവര്ത്തകരായിരിക്കെയാണ് ഇരുവരും അടുപ്പത്തിലായത്. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.