വീണാ ജോർജും ചിറ്റയം ഗോപകുമാറും തമ്മിലുള്ള വാക്പോര്; മന്ത്രിയുടെ ഭർത്താവ് അനാവശ്യ ഇടപെടൽ നടത്തുന്നുവെന്ന് ആക്ഷേപം.
ആരോഗ്യമന്ത്രി വീണാ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള വാക് പോര് മുറുകുന്നു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ വീണാ ജോർജിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ചിറ്റയം ഗോപകുമാർ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന നിലപാടിയലാണ് ജില്ലയിലെ സിപിഐ നേതൃത്വം. പല നിർണായ കാര്യങ്ങളിലും മന്ത്രി ജില്ലാ നേതൃത്വമായി കൂടിയാലോചന നടത്താൻ തയ്യാറാവുന്നില്ലെന്ന് ആക്ഷേപം നിലനിൽക്കുന്നുണ്ട്.
പത്തനംതിട്ട ജില്ലയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ നിന്ന് പ്രതിഷേധ സൂചകമായി വിട്ടു നിൽക്കാനും സിപിഐ തീരുമാനിച്ചു. വീണക്കെതിരെ പരസ്യമായി ആക്ഷേപം ഉന്നയിച്ച ചിറ്റയം ഗോപകുമാറിനെതിരെ എൽഡിഎഫിന് പരാതി നൽകിയ പശ്ചാത്തലത്തിലാണ് തീരുമാനം.
പാർട്ടി പൊതുവിൽ എടുക്കുന്ന പല തീരുമാനങ്ങളും മന്ത്രിയും ഭർത്താവും ഇടപെട്ട് മാറ്റുന്നതായും പരാതി ഉയരുന്നുണ്ട്. പ്രദർശന മേളയും സമാപന ചടങ്ങിനോട് അുബന്ധിച്ച് നടത്താൻ നിശ്ചയിച്ച സമാപനയോഗത്തിന്റെ സമയം മാറ്റിയത് ഉൾപ്പെടെ വലിയ വിവാദങ്ങളിലേക്കാണ് കാര്യങ്ങൾ നീക്കിയത്. എൽഡിഎഫ് കൂടിയാലോചന നടത്തിയ ശേഷം നടപ്പിലാക്കുന്ന പല പരിപാടികളും മന്ത്രിയുടെ ഭർത്താവ് ഇടപെട്ട് മാറ്റി മറിക്കുന്നു എന്ന ആക്ഷേപവും സിപിഐ ഉന്നയിച്ചിട്ടുണ്ട്. എൽഡിഎഫിന് മുന്നിൽ പരാതി എത്തിയ സാഹചര്യത്തിൽ അടിയന്തരമായി ജില്ലാ നേതൃത്വം ഈ വിഷയം പരിഗണിക്കുമെന്നാണ് വിലയിരുത്തൽ.
പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള ആരോഗ്യ മന്ത്രി വീണ ജോർജ്, ജില്ലയിലെ എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ പരാജയപെട്ടെന്നാണ് ആരോപണവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ രംഗത്തെത്തിയിരുന്നു. ഇടത് സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടക്കുന്ന പരിപാടികളിലേക്ക് തന്നെ ക്ഷണിക്കാത്തതിനെ തുടർന്നാണ് ഗോപകുമാർ മന്ത്രിക്കെതിരെ വിമർശനം ഉയർത്തിയത്. എന്നാല്‍ വസ്തുതാവിരുദ്ധമായ ആരോപണം ഉയർത്തിയെന്ന് കാണിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെതിരെ വീണാ ജോർജ് എൽഡിഎഫ് നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പ്രശ്നം രമ്യതയില്‍ എത്തിക്കാനുള്ള ശ്രമത്തിനിടെ ആണ് പുതിയ ആരോപണങ്ങള്‍.
Content Highlight: Minister’s husband’s unnecessary involvement; New criticism evolves in Veena George, Chittayam Gopakumar clash.